ന്യൂഡല്‍ഹി: ശബരിമല ഭരണ നിര്‍വ്വഹണത്തിന് പ്രത്യേക നിയമം വേണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. പുതിയ നിയമത്തിന്റെ കരട് നാല് ആഴ്ചക്കകം കോടതിയില്‍ സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടു. പന്തളം രാജകൊട്ടാരം സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.
ശബരിമലയെ പ്രത്യേകമായി തന്നെയാണ് കണക്കാക്കുന്നതെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും ഭരണ നിര്‍വ്വഹണത്തിനായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കുന്നതിന്റെ കരട് ബില്ലും സര്‍ക്കാര്‍ ഹാജരാക്കി. കരടില്‍ മൂന്നിലൊന്ന് സ്‌ത്രീസംവരണം നല്‍കിയതില്‍ കോടതി സംശയം പ്രകടിപ്പിച്ചു. ശബരിമല സംബന്ധിച്ച ഥ അംഗ ബെഞ്ചിന്റെ വിധി എതിരായാല്‍ എങ്ങിനെ വനിതാ അംഗങ്ങളെ ഉള്‍പ്പെടുത്തുമെന്നും കോടതി ചോദിച്ചു. ജസ്‌റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് വാദം കേട്ടത്. ശബരിമലയ്ക്ക് വേണ്ടി മാത്രമായി ഒരു നിയമം കൊണ്ടുവരുന്നതിന് എന്താണ് തടസമെന്നും കോടതി ചോദിച്ചു.
ഈ കേസ് പരിഗണിക്കുന്നതിന്റെ പ്രധാന ലക്ഷ്യം പ്രത്യേക നിയമം തന്നെയാണെന്ന് കോടതി പറഞ്ഞു. ഇതിനായി മൂന്നുമാസത്തെ സമയം നല്‍കുന്നുവെന്നും, ബില്ലിന്റെ കരട് ഒരു മാസത്തിനകം ഹാജരാക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. കേസ് പരിഗണിക്കുന്നത് ജനുവരി മൂന്നാം ആഴ്ചയിലേക്ക് മാറ്റി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും ഭരണ നിര്‍വ്വഹണത്തിനായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കാന്‍ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് പന്തളം രാജകുടുംബം സമര്‍പ്പിച്ചതാണ് ഹര്‍ജി.