ജീവിതത്തിലെ സങ്കീര്‍ണ്ണമായ അവസ്ഥകളിലൂടെ കടന്നുപോയപ്പോള്‍ ദൈവം കരംപിടിച്ച് നടത്തിയ അനുഭവമാണ് എനിക്കുള്ളത്. ഒന്നോര്‍ ത്താല്‍ ദൈവികപദ്ധതികള്‍ നാം വിഭാവനം ചെയ്യുന്നതിലുമപ്പുറമാണ്.
കോതമംഗലം രൂപതയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തില്‍ സ്ഥാപിതമായ നേര്യമംഗലം ഇടവകയില്‍ തേക്കിലക്കാട്ട്-പനച്ചിക്കുടി, ജോസഫ്-അന്നക്കുട്ടി ദമ്പതികളുടെ മൂത്തമകളാണ് ഞാന്‍. വിശ്വാസത്തിന്റെയും ദൈവസ്‌നേഹത്തിന്റെയും ബാലപാഠങ്ങള്‍ മാതാപിതാക്കള്‍ എനിക്ക് പകര്‍ന്നേകി. ചൊല്ലിത്തന്ന പ്രാര്‍ത്ഥനകള്‍ കേട്ട് പഠിച്ചു, പ്രാര്‍ത്ഥിച്ചു മുന്നോട്ടുപോയി. എന്നാല്‍ സ്‌നേഹമുള്ള ദൈവപിതാവിന് തന്റെ മക്കളുടെ ഹൃദയങ്ങളെ എങ്ങനെ സ്വാധീനിക്കണമെന്ന് നന്നായറിയാം. ഒരിക്കല്‍ അമ്മവീട്ടില്‍ പോയ ഞാന്‍, സമപ്രായക്കാരായ സഹോദരങ്ങളോടൊപ്പം വലിയൊരു റബര്‍ത്തോട്ടത്തില്‍ കളിച്ചു തിമിര്‍ക്കുന്നതിനിടയില്‍ അണിഞ്ഞിരുന്ന സ്വര്‍ണമാല നഷ്ടപ്പെട്ടു. അപ്പോഴത് കണ്ടെത്തുക ഏറെ പ്രയാസമായിരുന്നു.
ഏഴുവയസ് പ്രായമുണ്ടായിരുന്ന ഞാന്‍, അന്നാണ് ആദ്യമായി ഹൃദയമുരുകി പ്രാര്‍ത്ഥിച്ചത്. അടുത്തദിനംതന്നെ ഒട്ടും അലച്ചില്‍ കൂടാതെ ആ വലിയ തോട്ടത്തില്‍നിന്ന് മാല എനിക്കുതന്നെ കണ്ടെത്താനായി. എനിക്കത് വലിയ അത്ഭുതമായി തോന്നി. ഈശോയോട് ചോദിച്ചാല്‍ എന്തും കിട്ടുമെന്ന് അന്നുമുതല്‍ ഉറപ്പായി. ഇവിടെ എന്റെ ജീവിതത്തിന്റെ വഴിത്തിരിവ് ആരംഭിക്കുകയായിരുന്നു.
അവിടുത്തോടുള്ള എന്റെ സൗഹൃദം കൂടിവന്നു. എന്റെ വളര്‍ച്ചയോടൊപ്പം ഈ ബന്ധവും വളര്‍ന്നു. എന്നാല്‍ സന്യാസത്തെക്കുറിച്ചൊന്നും ചിന്തിക്കാറായിട്ടില്ലല്ലോ. തൊട്ടടുത്ത വര്‍ഷം ഒരു അകന്ന ബന്ധുവിന്റെ സഭാവസ്ത്ര സ്വീകരണ ചടങ്ങില്‍ സംബന്ധിച്ചപ്പോഴാണ് സന്യാസം എന്ന മോഹം ആദ്യമായി എന്നിലുണ്ടാകുന്നത്. ആയിടെതന്നെ വിശുദ്ധ കൊച്ചുത്രേസ്യയുടെ ‘ആധ്യാത്മിക ശിശുത്വ’ത്തെക്കുറിച്ച് കേള്‍ക്കുവാനിടയായി. അധികമൊന്നും അറിയില്ലെങ്കിലും നാമമാത്ര മിഷന്‍ലീഗ് അംഗമായിരുന്ന ഞാന്‍ ഈ വലിയ വിശുദ്ധയെ സ്‌നേഹിച്ചു തുടങ്ങി.
അധ്യാപകരായിരുന്ന എന്റെ സ്‌നേഹംനിറഞ്ഞ മാതാപിതാക്കള്‍ക്ക്, ഞങ്ങള്‍ മക്കള്‍ രണ്ടുപേരെക്കുറിച്ചുമുള്ള സ്വപ്‌നങ്ങള്‍ വലുതായിരുന്നു. ഞങ്ങള്‍പോലുമറിയാതെ അവരിലെ നന്മകളും മൂല്യങ്ങളും ഞങ്ങള്‍ക്കും സ്വന്തമായി. അവരായിരുന്നു എന്റെ ഉറ്റസുഹൃത്തുക്കള്‍.
ഞങ്ങളെ വളരെയധികം സ്‌നേഹിക്കുന്ന അവരെ വേദനിപ്പിക്കുക എന്നത് എനിക്ക് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. അതുകൊണ്ടുതന്നെ എന്റെ മനസില്‍ രൂപപ്പെട്ട സന്യാസത്തെക്കുറിച്ച് ഉറപ്പിച്ചങ്ങ് പറയാന്‍ ഞാന്‍ ധൈര്യപ്പെട്ടുമില്ല. അവരെന്റെ ആഗ്രഹത്തെ കാര്യമായിട്ടെടുത്തിട്ടില്ല എന്നാണ് ഞാന്‍ വിചാരിച്ചിരുന്നതെങ്കിലും അത് പ്രത്യേക പരിഗണനയിലെടുത്ത്, അതില്‍നിന്നും എന്നെ പിന്തിരിപ്പിക്കാനാണ് പ്ലസ്ടു പഠനശേഷം ഉയര്‍ന്ന ജോലിസാധ്യതകളുള്ള ഇലക്‌ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ എന്‍ജനീയറിങ്ങ് ബിരുദപഠനത്തിനായി കേരളത്തിന് പുറത്ത് അയച്ചതെന്ന് പിന്നീടെനിക്ക് മനസിലായി.
ബിരുദപഠനത്തിന്റെ നാലു വര്‍ഷങ്ങള്‍. ഞാന്‍ അനുഭവിച്ചറിയുന്ന എന്റെ ഈശോയെ കൂട്ടുകാര്‍ക്ക് കൊടുക്കാന്‍ സാധിച്ചിരുന്നെങ്കില്‍, നശ്വരമോ നൈമിഷികമോ അല്ല, അനശ്വരവും നിത്യവുമായ ആ വലിയ സ്‌നേഹം അവരും അനുഭവിച്ചിരുന്നെങ്കില്‍ എന്ന് തീക്ഷ്ണമായി ആഗ്രഹിച്ച നാളുകള്‍. വ്യത്യസ്തമായതെന്തോ ദൈവം എന്നില്‍നിന്നും ആഗ്രഹിക്കുന്നുണ്ടെന്ന് തോന്നിത്തുടങ്ങി. ഉയര്‍ന്ന മാര്‍ക്കോടെ പഠനം പൂര്‍ത്തിയാക്കിയതിനാല്‍ നിരവധി മള്‍ട്ടി നാഷണല്‍ കമ്പനികളുടെ ടെസ്റ്റുകള്‍ അറ്റന്റ് ചെയ്യാനായി. നന്നായി ഒരുങ്ങിയും പഠിച്ചും പോകുമായിരുന്നുവെങ്കിലും ഒന്നിലും വിജയിക്കാന്‍ സാധിച്ചിരുന്നില്ല. ദൈവികപദ്ധതി മറ്റെന്തോ ആണെന്ന് പതിയെ മനസിലായിത്തുടങ്ങി. ഈശോ ഇതെന്നില്‍ നിന്നാഗ്രഹിക്കുന്നില്ലായിരിക്കുമോ എന്ന ചോദ്യം മനസില്‍ ഉയര്‍ന്നു.
പഠിക്കാന്‍ കഴിവും ആഗ്രഹവുമുണ്ടായിരുന്നിട്ടും സാഹചര്യങ്ങള്‍ പ്രതികൂലമായതിനാല്‍ പഠനം അന്യമായ അനേകരോട് ഞാന്‍ ചെയ്യുന്ന ദ്രോഹമായിരിക്കും ഉയര്‍ന്ന മാര്‍ക്കോടെ പഠിച്ച് പാസായിട്ട് ജോലിക്കായി ശ്രമിക്കാതിരിക്കുക എന്നുപറഞ്ഞ് സഹപാഠികള്‍ പലരും എന്നെ കുറ്റപ്പെടുത്തി. അത് ശരിയാണെന്ന് എനിക്കും തോന്നി. ജോലി ലഭിക്കാനുതകുന്ന പഠനങ്ങളും ജോലി അന്വേഷണവുമായി ബംഗളൂരുവില്‍… അവിടെ സി.എസ്.ടി ഫാദേഴ്‌സിന്റെ പ്രശസ്തമായ റിന്യൂവല്‍ റിട്രീറ്റ് സെന്റര്‍, സെന്റ് തോമസ് ഫൊറോന ദൈവാലയം ഇവയുടെ സമീപത്ത് താമസസൗകര്യം ലഭിച്ചത് ഭാഗ്യമായി കരുതുന്നു. എല്ലാ ദിവസവും ഭക്തിനിര്‍ഭരമായ വിശുദ്ധ ബലിയിലുള്ള പങ്കുചേരല്‍ എനിക്ക് വലിയൊരു ഊര്‍ജമായിരുന്നു. ബംഗളൂരു എന്നത് വന്‍കിട ഐ.ടി ഇലക്‌ട്രോണിക്‌സ് കമ്പനികളുടെ വലിയ ലോകം. ഒപ്പം ലൗകികതയുടെ ഒട്ടേറെ ആകര്‍ഷണീയതകള്‍ ഒത്തുചേരുന്നൊരിടം. എന്നാല്‍ ദിവ്യകാരുണ്യ ഈശോയുമായുള്ള അടുപ്പം ആഴപ്പെട്ടത് ആ കാലങ്ങളിലായിരുന്നു.
മാസങ്ങള്‍ കടന്നുപോയി. തികഞ്ഞ ദൈവാശ്രയബോധമുണ്ടായിരുന്ന മാതാപിതാക്കള്‍ എല്ലാവിധ പിന്തുണയും വലിയ പ്രതീക്ഷകളും നല്‍കിയിരുന്നതിനാല്‍ കമ്പ്യൂട്ടര്‍ കോഴ്‌സുകളുമായി മുന്നോട്ടുപോയി. ജോലിയുടെ കാര്യം ഒന്നുമായിട്ടില്ല. ഇനിയും ഇവിടെ തുടരണമോയെന്ന് എന്നെ അറിയാവുന്നവരെല്ലാം ചോദിച്ചുതുടങ്ങി. ഒന്നുകില്‍ ഉന്നതപഠനത്തിന് പോകുക, അല്ലെങ്കില്‍ വിവാഹിതയാകുക എന്ന് ചിലര്‍. എം.എന്‍.സിയില്‍ ജോലിയുള്ള വ്യക്തിയാണ് വിവാഹം ചെയ്യുന്നതെങ്കില്‍ ജോലി ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല എന്നായിരുന്നു മറ്റുചിലര്‍ അഭിപ്രായപ്പെട്ടത്. വിവാഹാലോചനകള്‍ തുടങ്ങട്ടെ എന്ന് മാതാപിതാക്കള്‍ ചോദ്യം തുടങ്ങി. ഒരു ജോലി കിട്ടിയിട്ടാകട്ടെ എന്ന് പറഞ്ഞ് ഞാന്‍ തല്‍ക്കാലത്തേക്ക് അവരെ തടഞ്ഞു. ഉചിതമായത്, ഉചിതമായ സമയത്ത് ദൈവം ചെയ്തുതരും എന്ന ഉറപ്പായിരുന്നു എന്റെ ബലം. അതിനിടയില്‍ ജോലി ലഭിക്കാന്‍ 99 ശതമാനം സാധ്യതയുമുണ്ടായിരുന്ന ഒരു കോള്‍ലെറ്റര്‍ എനിക്ക് ലഭിച്ചിട്ടും ഞാനറിയാതെപോയി.
വിവാഹാലോചന തുടങ്ങിയാലോ എന്ന് മാതാപിതാക്കള്‍ വീണ്ടും ചോദ്യമുന്നയിച്ചു. ഞാന്‍ സമ്മതിക്കാതെ, ആലോചനയുമായി അവര്‍ മുന്നോട്ട് പോവില്ല എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. ഇതിനിടയില്‍ ചെറിയൊരു ജോലി ലഭിക്കുകയും ചെയ്തു.
സന്യാസസ്വപ്‌നം തുറന്നുപറയാന്‍ ധൈര്യമില്ലാതിരുന്നതിനാല്‍, സമര്‍പ്പണം ആത്മനാ നവീകരിച്ചുകൊണ്ട് മൂന്നു വര്‍ഷക്കാലം ചെലവഴിച്ചു. അപ്പോഴൊക്കെയും എറണാകുളത്ത് സിസ്റ്റേഴ്‌സ് നടത്തുന്ന ഹോസ്റ്റലില്‍നിന്നായിരുന്നു ജോലിക്ക് പോയിരുന്നത്. അവരെ ആരെയും ഒന്നും അറിയിച്ചിരുന്നില്ല. ഒടുവില്‍ മാതാപിതാക്കളോട് എന്റെ ആഗ്രഹം തുറന്നുപറഞ്ഞ്, ജോലി രാജിവച്ച്, ദൈവഹിതത്തിന് അടിയറവ് പറയാനുള്ള അവസാന ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിവരവെ, തീര്‍ത്തും ഭൗമികമെങ്കിലും ദൈവം എന്റെ ആഗ്രഹം സഫലമാക്കി.
പ്രമുഖ ഐ.ടി കമ്പനിയായ ഇന്‍ഫോസിസില്‍നിന്ന് ഇന്റര്‍വ്യു കോള്‍ ലഭിച്ചു. പല പ്രാവശ്യം ഞാനത് നിരസിച്ചെങ്കിലും അവര്‍ വിളിച്ചുകൊണ്ടേയിരുന്നു. മാതാപിതാക്കളുടെയും എന്റെ നന്മ കാംക്ഷിച്ചിരുന്നവരുടെയും ആഗ്രഹത്തിന് വഴങ്ങി ഞാനത് ചെന്നൈയില്‍ പോയി അറ്റന്റ് ചെയ്തു. അവിടെ എത്തിച്ചേര്‍ന്നിരുന്ന പതിനായിരത്തിലേറെപ്പേരെ പിന്തള്ളി തിരഞ്ഞെടുക്കപ്പെട്ട ഏതാനും പേരില്‍ ഒരാള്‍ ഞാനാണെന്ന് അറിഞ്ഞ നിമിഷം മതിമറന്ന് ആഹ്ലാദിക്കാന്‍ എനിക്കായില്ല. കാരണം എനിക്ക് തരണം ചെയ്യേണ്ട പ്രതിബന്ധങ്ങള്‍ ഏറിവരികയായിരുന്നു. നിനച്ചിരിക്കാതെ ”കര്‍ത്താവ് എന്റെമേല്‍ ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ക്ക് ഞാന്‍ എന്ത് പകരം കൊടുക്കും” (സങ്കീ. 116:12). മറ്റൊന്നുമില്ല, എന്നെത്തന്നെ പൂര്‍ണമായി അവിടുത്തേക്ക് കൊടുക്കും.
തിരികെ വീട്ടിലെത്തി അന്നുതന്നെ സന്യാസം എന്ന എന്റെ സ്വപ്‌നം മാതാപിതാക്കളുമായി പങ്കുവച്ചു. അവര്‍ക്കത് വലിയൊരു ഷോക്കായിരുന്നു. നമ്മുടെ മകള്‍ക്ക് ആവോളം ബുദ്ധിയുണ്ട്. എന്നാല്‍ ബോധമില്ലായെന്നും സിസ്റ്റേഴ്‌സിന്റെ ഹോസ്റ്റലില്‍നിന്ന് ഉടന്‍ മാറ്റണമെന്നുമൊക്കെ അവര്‍ സംസാരിച്ചു. മകളും മകനുമായി രണ്ടുപേരെ മാത്രമേ ദൈവം തന്നിട്ടുള്ളൂ. ഇതില്‍ക്കൂടുതല്‍ മക്കളുണ്ടായിരുന്നുവെങ്കില്‍ തീര്‍ച്ചയായും ദൈവവിളി പ്രോത്സാഹിപ്പിക്കുമായിരുന്നുവെന്ന് അവര്‍ പറഞ്ഞു.
മാതാപിതാക്കളെ ഇപ്രകാരം വിഷമിപ്പിക്കാന്‍ സമ്മതിക്കില്ലെന്നായി സഹോദരന്‍. അവരിലേല്‍പിച്ച മുറിവുണക്കാന്‍ ഒന്നും ചെയ്യാനാകാതെ ഞാന്‍ കുഴങ്ങി. 2010 സെപ്റ്റംബര്‍ എട്ട്. പരിശുദ്ധ അമ്മയുടെ പിറന്നാള്‍ സമ്മാനമായി മംഗലാപുരത്തുള്ള ഇന്‍ഫോസിസില്‍ ജോയിന്‍ ചെയ്യാനുള്ള കോള്‍ലെറ്റര്‍ ലഭിച്ചു. ഞാന്‍ പഠിച്ചിറങ്ങിയ കാലംമുതല്‍ ഇതേ കമ്പനിയില്‍ ജോലി ലഭിക്കാന്‍ വേണ്ടിയായിരുന്നു പ്രാര്‍ത്ഥിച്ചിരുന്നത് എന്ന സത്യം മമ്മി തുറന്നു പറഞ്ഞപ്പോള്‍ എനിക്കത് സ്വീകരിക്കേണ്ടിവന്നു.
ആര്‍ക്കും ഒന്നിനും എടുത്തുമാറ്റാന്‍ പറ്റാത്തവിധം ദൈവസ്‌നേഹമാകുന്ന കനല്‍ എന്നില്‍ കത്തിയെരിഞ്ഞിരുന്നതിനാല്‍ സമര്‍പ്പിതജീവിത സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി ജോലിയില്‍ പ്രവേശിച്ചു. മാതാപിതാക്കളുടെ ആശീര്‍വാദത്തോടെയും പൂര്‍ണസമ്മതത്തോടെയും മാത്രമേ സന്യാസത്തെ ആശ്ലേഷിക്കൂ എന്ന് ഞാനവര്‍ക്ക് വാക്കും കൊടുത്തു. സ്‌നേഹധനരായ അവര്‍ക്കത് ആശ്വാസമേകി. ഉയര്‍ന്ന ജോലി കിട്ടിയപ്പോഴെങ്കിലും എന്റെ മനസുമാറ്റം അവര്‍ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നിരിക്കണം.
ലക്ഷക്കണക്കിന് എഞ്ചിനീയറിംഗ് ബിരുദധാരികളുടെ സ്വപ്‌നമാണ് ഇന്‍ഫോസിസില്‍ ഒരു ജോലി. അതാണിന്നെന്റെ കൈക്കുമ്പിളില്‍. എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും ഗവണ്‍മെന്റ് ജോലിക്കടുത്ത ജോലിസുരക്ഷയും ആനുകൂല്യങ്ങളും കനത്ത ശമ്പളവുമെല്ലാം അവിടുത്തെ പ്രത്യേകതകളാണ്. എറണാകുളത്തുവച്ച് ചിലപ്പോഴെങ്കിലും ലോ ക്വാളിറ്റി പ്രോഗ്രാമിങ്ങ് ചെയ്യേണ്ടിവന്നപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിട്ടുണ്ട്.
അവിടെനിന്നാണ് എന്നെ പൊക്കിയെടുത്ത് എക്കാലത്തെയും പ്രമുഖ ഐ ഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിന്റെ പ്രൊജക്ടില്‍ ജോലി ചെയ്യാനുള്ള നിയോഗം ദൈവം ഏല്‍പിച്ചത്. വളരെ ചുരുക്കം പേര്‍ക്കുമാത്രം ലഭിക്കുന്ന ഒന്ന്. ലഭിക്കാതെ പോയ ഒട്ടേറെ സാധ്യതകളുടെ ആകെത്തുകയായി ദൈവം വച്ചുനീട്ടിയ വലിയ സമ്മാനം. ജോലിത്തിരക്കിനിടയിലും ദിവ്യകാരുണ്യത്തിന് മുന്നില്‍ കുറച്ചധികം സമയം ഞാന്‍ മാറ്റിവച്ചിരുന്നു. ജോലിക്കിടയില്‍ ആര്‍ക്കുമാര്‍ക്കും ഉത്തരം ലഭിക്കാത്ത പ്രശ്‌നങ്ങളില്‍പ്പോലും ഉത്തരം കണ്ടെത്തിത്തരുന്ന പ്രൊജക്ട് മാനേജര്‍ ആയി ദൈവം എന്നോടൊപ്പമുണ്ടായിരുന്നു.
ഇതിനിടയില്‍ എന്റെ സഹോദരന്‍, ഒരു മാട്രിമണി സൈറ്റില്‍ എന്റെ ഫോട്ടോ സഹിതം രജിസ്റ്റര്‍ ചെയ്തു. അറിഞ്ഞയുടന്‍ ഞാനത് പിന്‍വലിച്ചു. മാതാപിതാക്കളുടെയും എന്റെയും സഹപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ആലോചനകളെത്തി. എല്ലാറ്റിനോടും നോ പറഞ്ഞു. മാതാപിതാക്കള്‍ ഒരിക്കലും ഒന്നിനും നിര്‍ബന്ധിച്ച് എന്നെ വിഷമിപ്പിച്ചില്ല. അറിയാതെയാണെങ്കിലും എന്നെക്കുറിച്ചുള്ള ദൈവികപദ്ധതിയുടെ ഭാഗമായി മാറുകയായിരുന്നു അവര്‍. ദൈവപരിപാലന എന്നല്ലാതെ മറ്റെന്തെന്നാണ് ഞാനിതിനെ വിശേഷിപ്പിക്കുക?
ഇതിനിടെ രണ്ടു പ്രാവശ്യം ഏവരുടെയും സ്വപ്‌നസാക്ഷാത്കാരമായ അമേരിക്കയിലെ കാലിഫോര്‍ണിയ-സിലിക്കണ്‍ വാലിയില്‍ ആപ്പിള്‍ കമ്പനി ഓഫീസില്‍ ജോലി ചെയ്യാനുള്ള അവസരവും എന്നെ തേടിയെത്തി.
തിരക്കുകളില്‍നിന്നും തിരക്കുകളിലേക്കുള്ള യാത്ര. തമ്പുരാനുമായുള്ള ബന്ധത്തിന് വിഘാതമാക്കുമെന്ന് മനസിലാക്കി ഞാനത് നിരസിച്ചു. സ്ഥാനമാനങ്ങളെക്കാളും ശമ്പളത്തെക്കാളും എനിക്ക് പരമപ്രധാനം എന്റെ ഈശോയായിരുന്നു. ഏതാനും സഹപ്രവര്‍ത്തകരോട് ഞാനെന്റെ സ്വപ്‌നങ്ങള്‍ പങ്കുവച്ചിരുന്നു. നല്ലൊരു അടിപൊളി ജീവിതം, എത്രയോ പേര്‍ കൊതിക്കുന്ന ഒന്ന്, അബദ്ധം കാണിച്ച് അത് നശിപ്പിക്കരുത്, പാഴാക്കരുത്, കെട്ടിപ്പടുക്കുവാന്‍ വലിയ ബുദ്ധിമുട്ടാണ്, എന്നാല്‍ തകര്‍ക്കാന്‍ വളരെ എളുപ്പവും എന്നൊക്കെ അവര്‍ പുറകെ നടന്ന് ഉപദേശിച്ചു.
കുടുംബാംഗങ്ങള്‍ എല്ലാവരും എന്റെ തീരുമാനമറിഞ്ഞു. എല്ലായിടത്തുനിന്നും ഉപദേശങ്ങള്‍, നിര്‍ദേശങ്ങള്‍. വീട്ടിലാകെ അരക്ഷിതാവസ്ഥ. പവിത്രമായ കുടുംബബന്ധങ്ങളില്ലാത്ത, ദൈവത്തില്‍ സൃഷ്ടികര്‍മത്തില്‍ പങ്കുചേരാന്‍ വിമുഖത പ്രകടിപ്പിക്കുന്ന ഈ ആധുനിക ലോകത്തില്‍ നല്ലൊരു കുടുംബജീവിതം നയിച്ച്, സ്വന്തം മക്കള്‍ക്ക് ജന്മം നല്‍കി വിശുദ്ധമായി ജീവിച്ച് നല്ലൊരു സാക്ഷ്യം നല്‍കാനും അപ്രകാരം ദൈവശുശ്രൂഷ നിര്‍വഹിക്കാനും ഉപദേശിച്ചവര്‍ വിരളമല്ല. ഈശോ എന്നില്‍ നിന്നാഗ്രഹിക്കുന്നത് ഇതൊന്നുമല്ല എന്നെനിക്ക് ഉറപ്പായിരുന്നു.
വൈകാതെ മാതാപിതാക്കള്‍ എന്റെ ആഗ്രഹത്തോട് യോജിച്ചുതുടങ്ങി. ഞാനേത് സന്യാസിനീ സമൂഹത്തിന്റെ ഭാഗമാണാകേണ്ടതെന്നറിയാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.
കര്‍മലീത്ത പാരമ്പര്യം അനുഷ്ഠിച്ച് ജീവിതം നയിക്കുന്ന സി.എം.സി സന്യാസിനീ സമൂഹത്തിന്റെ ഭാഗമാകുകയാണ് എന്നെ സംബന്ധിച്ച ദൈവഹിതം എന്ന് മനസിലാക്കി, അത് ഉറപ്പിക്കാനായി അതുവരെ എനിക്ക് ആത്മീയനേതൃത്വം നല്‍കിയിരുന്ന ഫാ. തോമസ് ഇരുമ്പുകുത്തി സി.എം.ഐയോട് സഹായം അഭ്യര്‍ത്ഥിച്ചു. അദ്ദേഹവും അത് ശരിവച്ചു. അങ്ങനെ ജോലി രാജിവച്ച് സി.എം.സി കോതമംഗലം പാവനാത്മ പ്രൊവിന്‍സില്‍ 2013 ജൂണ്‍ മാസത്തില്‍ അര്‍ത്ഥിനിയായി ചേര്‍ന്നു. 2018 ഏപ്രില്‍ 26! വര്‍ഷങ്ങളായുള്ള പ്രാര്‍ത്ഥനയ്ക്കും കാത്തിരിപ്പിനുമൊടുവില്‍ എന്റെ സ്വപ്‌നം പൂവണിഞ്ഞ ദിനം. എന്റെ പ്രഥമ വ്രതവാഗ്ദാനദിനം.
സി.എം.സി പാവനാത്മ പ്രൊവിന്‍സിലെ കഴിഞ്ഞ വര്‍ഷത്തെ ഏക നവസന്യാസിനിയായതിനാല്‍ പതിവില്‍നിന്ന് വ്യത്യസ്തമായി എന്റെ വ്രതവാഗ്ദാനം സ്വന്തം ഇടവകയായ നേര്യമംഗലത്ത് നടത്തുവാന്‍ അധികാരികള്‍ തീരുമാനിച്ചു. നാടിന് മുഴുവന്‍ ഉത്സവഛായ പകര്‍ന്ന ഈ ദിനം ഭക്തിസാന്ദ്രമായ ചടങ്ങുകളാല്‍ അവിസ്മരണീയമായി. അനന്തമായി എന്നെ സ്‌നേഹിക്കുന്ന നല്ല ദൈവത്തിന്റെ പാദാന്തികേ ഈ ജീവിതവും ദാനമായി നല്‍കിയ സര്‍വസ്വവും പരിശുദ്ധ കര്‍മലാംബികയുടെ പാവനമായ കരങ്ങളിലൂടെ ഒരു നൈവേദ്യമായി സമര്‍പ്പിച്ചപ്പോള്‍ ഹൃദയത്തില്‍ എന്തെന്നില്ലാത്ത ആഹ്ലാദം. വിശുദ്ധ കൊച്ചുത്രേസ്യയോട് ചേര്‍ന്ന് ഞാനും പറയാനാഗ്രഹിക്കുന്നു: ”കരുണാസമ്പന്നനായ ദൈവം എന്നെ നയിച്ച വഴികള്‍ എത്രയോ കൃപാസമൃദ്ധം…” നാഥനായി പൂര്‍ണമായി സമര്‍പ്പിക്കപ്പെട്ട ഞാനിന്ന്, അധികാരികളിലൂടെ വരുന്ന ദൈവഹിതത്തിന് കാതോര്‍ത്ത് എന്നെത്തന്നെ വ്യയം ചെയ്യാന്‍ തയാറായിരിക്കുന്നു.
സിസ്റ്റര്‍ ധന്യ തെരേസ് സി.എം.സി
Courtsey: sundayshalom