തിരുവനന്തപുരം: ഗവര്‍ണറെ കടത്തിവിടാന്‍ ഗതാഗതം നിയന്ത്രിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗതാഗതക്കുരുക്കിന്റെപേരില്‍ സംസ്ഥാന പോലീസ് മേധാവിയുടെ ശകാരം. പോലീസ് മേധാവിയുടെ ഭാര്യ ഗതാഗതക്കുരുക്കില്‍പ്പെട്ടതിനാലാണ് പഴികേള്‍ക്കേണ്ടിവന്നതെന്നാണ്‌ ഒരുസംഘം പോലീസുകാരുടെ ആക്ഷേപം. എന്നാലിത് ഡി.ജി.പി. നിഷേധിച്ചു.

തിങ്കളാഴ്ച വൈകീട്ട് ഗവര്‍ണര്‍ക്ക് വിമാനത്താവളത്തിലേക്കുപോകാന്‍ പാളയം-വിമാനത്താവളം റോഡിലേര്‍പ്പെടുത്തിയ ഗതാഗതക്രമീകരണമാണ് പോലീസ് മേധാവിയുടെ ഭാര്യയെ വഴിയില്‍ കുടുക്കിയത്. ഗവര്‍ണര്‍ക്ക് മുന്‍ഗണന നല്‍കി കടത്തിവിട്ടപ്പോള്‍ ഭാര്യയെ തടഞ്ഞ ഉദ്യോഗസ്ഥര്‍ക്ക്‌ കണക്കിനു ‘കിട്ടുകയും’ ചെയ്തു. ഗതാഗതം എങ്ങനെ നിയന്ത്രിക്കണമെന്ന് രണ്ടരമണിക്കൂര്‍ പോലീസ് മേധാവി ക്ലാസുമെടുത്തു.

പേട്ട നാലുമുക്കിനുസമീപം അറ്റകുറ്റപ്പണിക്കായി വാട്ടര്‍ അതോറിറ്റി വെട്ടിക്കുഴിച്ചതിനാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഒരുവശത്തുകൂടി മാത്രമേ ഗതാഗതം അനുവദിക്കുന്നുള്ളൂ. ഗവര്‍ണര്‍ക്ക് വഴിയൊരുക്കാനായി പോലീസ് റോഡരികിലെ വാഹനങ്ങളെല്ലാം നീക്കംചെയ്തു. ചാക്ക ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി കടത്തിവിട്ടു.

എതിര്‍ഭാഗത്തേക്കുള്ള വാഹനങ്ങളുടെ നിര നീണ്ടു. ഇതേക്കുറിച്ച്‌ വയര്‍ലെസ് സെറ്റില്‍ സന്ദേശം വന്നപ്പോള്‍ ഗവര്‍ണര്‍ക്ക് പ്രഥമപരിഗണന നല്‍കാനാണ് മുകളില്‍നിന്ന്‌ നിര്‍ദേശമെത്തിയത്. ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ ഒരുവാഹനത്തില്‍ പോലീസ് മേധാവിയുടെ ഭാര്യയുമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന്, ഗതാഗതം നിയന്ത്രിച്ച ഉദ്യോഗസ്ഥരോട് തിങ്കളാഴ്ച രാത്രി നേരിട്ടു ഹാജരാകാന്‍ നിര്‍ദേശം നല്‍കി.

സംഭവസമയത്തെ വയര്‍ലെസ് സന്ദേശങ്ങളും പരിശോധിച്ചു. ഗവര്‍ണര്‍ക്ക് വഴിയൊരുക്കാനാണ് മറ്റുവാഹനങ്ങള്‍ തടഞ്ഞതെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചുവെങ്കിലും കാര്യമുണ്ടായില്ല. വാട്ടര്‍അതോറിറ്റിയുടെ അറ്റകുറ്റപ്പണി മുന്‍കൂട്ടിക്കണ്ട് ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തിയില്ലെന്നായിരുന്നു കുറ്റപ്പെടുത്തല്‍. നാലുദിവസമായി അറ്റകുറ്റപ്പണികാരണം ഗതാഗതക്കുരുക്കാണിവിടെ.

കണ്ണമ്മൂലയില്‍നിന്നുള്ള വണ്‍വേ റോഡ് ജനറല്‍ ആശുപത്രി റോഡുമായി ബന്ധിപ്പിക്കുന്ന ഭാഗമാണ് കുഴിച്ചിട്ടുള്ളത്. ഉപ്പിടാംമൂട്ടില്‍നിന്നുള്ള റോഡും ഇവിടെയാണ് കൂടിച്ചേരുന്നത്. നാലുറോഡുകള്‍ ചേരുന്ന ഭാഗത്ത് മധ്യത്തായാണ് റോഡ് കുഴിച്ചിട്ടുള്ളത്. ഗതാഗതം തിരിച്ചുവിടാന്‍ മറ്റുമാര്‍ഗങ്ങളില്ലാത്തതാണ് ഉദ്യോഗസ്ഥരെ കുഴക്കുന്നത്.

സംസാരിച്ചത് ഗതാഗതപരിഷ്കാരം

ഭാര്യ ഗതാഗതക്കുരുക്കില്‍പ്പെട്ടതുകൊണ്ട് ഉദ്യോഗസ്ഥരെ ശകാരിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. അത്തരമൊരു സംഭവമുണ്ടായിട്ടില്ല. ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയത് ഔദ്യോഗിക ആവശ്യത്തിനാണ്. സിറ്റിയിലെ ഗതാഗതപരിഷ്കാരവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതിനുമുന്നോടിയായിട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍വേണ്ടിയാണ് ഉദ്യോഗസ്ഥരെ വിളിപ്പിച്ചത്.

-ലോക്‌നാഥ് ബെഹ്‌റ, പോലീസ് മേധാവി