പനജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് പനാജിയില്‍ തുടക്കം. ഇന്ന് മുതല്‍ നവംബര്‍ 28 വരെയാണ് മേള. 76 രാജ്യങ്ങളില്‍നിന്നായി ഇരുനൂറിലധികം ചിത്രങ്ങള്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും. വൈകീട്ട് ഡോ. ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചനാണ് മേള ഉദ്ഘാടനം ചെയ്യുന്നത്. ഗാരന്‍ പാസ്‌കലേവിക് സംവിധാനംചെയ്ത ‘ഡെസ്‌പൈറ്റ് ഫോഗ്’ ആണ് മേളയുടെ ഉദ്ഘാടന ചിത്രം. ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് നടന്‍ രജനീകാന്തിന് ഐക്കണ്‍ ഓഫ് ഗോള്‍ഡന്‍ ജൂബിലി പുരസ്‌കാരം നല്‍കി ആദരിക്കും.

ഇത്തവണ 9000-ലധികം പേരാണ് മേളയില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ 41 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. 26 എണ്ണം ഫീച്ചര്‍ വിഭാഗത്തിലും 15 എണ്ണം നോണ്‍ ഫീച്ചര്‍ വിഭാഗത്തിലുമാണ് പ്രദര്‍ശിപ്പിക്കുക. പ്രിയദര്‍ശനാണ് ഫീച്ചര്‍ വിഭാഗത്തിന്റെ ജൂറി ചെയര്‍മാന്‍. അഭിഷേക് ഷാ സംവിധാനംചെയ്ത ഗുജറാത്തി ചിത്രം ‘ഹെല്ലരോ’ ആണ് ഫീച്ചര്‍ വിഭാഗത്തിലെ ഓപ്പണിങ് സിനിമ.

മലയാളത്തില്‍നിന്ന് മനു അശോകന്‍ സംവിധാനം ചെയ്ത ‘ഉയരെ’, ടികെ രാജീവ് കുമാറിന്റെ ‘കോളാമ്ബി’ എന്നിവയും പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ജയരാജിന്റെ ‘ശബ്ദിക്കുന്ന കലപ്പ’, നൊവിന്‍ വാസുദേവിന്റെ ‘ഇരവിലും പകലിലും ഒടിയന്‍’ എന്നീ ചിത്രങ്ങളും ഇടം പിടിച്ചിട്ടുണ്ട്. സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വലിയ ആഘോഷങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി അന്താരാഷ്ട്രതലത്തില്‍ അംഗീകാരങ്ങള്‍ നേടിയ മികച്ച 50 വനിതാ സംവിധായകരുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്.