തിരുവനന്തപുരം: കുട്ടികളുടെ സുരക്ഷയ്ക്കായി ബാലാവകാശ കമ്മിഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സ്വാഗതാര്‍ഹമെന്ന് മന്ത്രി കെ.കെ.ശൈലജ . സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സാര്‍വദേശീയ ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍ . സ്വന്തം വീടുകളില്‍പ്പോലും കുട്ടികള്‍ ആക്രമിക്കപ്പെടുകയാണ്. ഇതിന്‌ മാറ്റം ഉണ്ടാകണം . അധ്യാപകരും രക്ഷിതാക്കളും കുട്ടികളുടെ സുരക്ഷയ്ക്കായി മുന്നിട്ടിറങ്ങണമെന്ന് പറഞ്ഞ മന്ത്രി എന്തു സഹായത്തിനും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും വ്യക്തമാക്കി .

കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനും അവരുടെ പഠനസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി സ്കൂളുകളില്‍ മെന്റര്‍മാരെ നിയമിക്കും. കേരളത്തെ ശിശുസൗഹൃദ സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.