ന്യൂഡല്‍ഹി: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ ഇസ്ലാമിക തീവ്രവാദി പ്രസ്താവനയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അതൃപ്തി.
മാവോയിസത്തെ രാഷ്ട്രീയമായി നേരിടണമെന്നാണു സിപിഎം നയമെന്നും മോഹനന്റെ പ്രസ്താവനയെക്കുറിച്ചു കേരളത്തിലെ നേതാക്കളോടു ചോദിക്കണമെന്നും യെച്ചൂരി പറഞ്ഞു. സിപിഐ മാവോയിസ്റ്റുകളുടെ ആശയഗതിയോടു യോജിപ്പില്ലെങ്കിലും, അവരുടെ പ്രവര്‍ത്തനമേഖലയിലെ സാമൂഹ്യസ്ഥിതി അവഗണിക്കരുതെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.
മാവോയിസ്റ്റുകളെ സഹായിക്കുന്നതു കോഴിക്കോട്ടുള്ള ഇസ്ലാമിക സംഘടനകളാണെന്നാണു പി. മോഹനന് പ്രസംഗിച്ചത്. മാവോയിസ്റ്റുകള്‍ക്കു വെള്ളവും വളവും നല്‍കുന്നത് തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളാണ്. പരസ്പര ഐക്യത്തോടെയാണ് ഇരുകൂട്ടരുടെയും പ്രവര്‍ത്തനം എന്നും മോഹനന് പറഞ്ഞു. സിപിഐ മാവോയിസ്റ്റ് നേതാവ് ഗണപതി അടുത്തിടെ നല്കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മോഹനന്റെ വിമര്‍ശനം.
മാവോയിസ്റ്റുകളെന്നു ആരോപിച്ചു പോലീസ് അറസ്റ്റ് ചെയ്ത അലന്, താഹ എന്നീ രണ്ടു സിപിഎം പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കാന്‍ തീരുമാനിച്ചിരുന്നു. ഇവര്‍ക്കെതിരെയുള്ള നടപടി സിപിഎം പരസ്യപ്പെടുത്താനിരിക്കുകയാണ്. ഇതിനിടെയാണ് മോഹനന്റെ വിവാദ പരാമര്‍ശം.