പാപ്പിനിശേരി: ബാലിക പീഡനത്തിന് വീണ്ടും ഒരു സിപിഎം നേതാവ് അറസ്റ്റില്‍. കണ്ണൂരില്‍ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണു അറസ്റ്റിലായത്. പാപ്പിനിശ്ശേരി സ്വദേശിയും, ഓട്ടൊ തൊഴിലാളി യൂണിയന് നേതാവുമായ പുരുഷോത്തമനെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. സിപിഎം വേളാപുരം ബ്രാഞ്ച് സെക്രട്ടറിയാണ് ഇയാള്‍. പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ആഴ്ചകള്‍ക്കു മുന്‍പാണ് സ്കൂള്‍ കുട്ടിയെ പീഡിപ്പിച്ച കേസില്‍ മറ്റൊരു സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായത്. ബാലികയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ചൈല്‍ഡ് ലൈനിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. മൈലാടി ബ്രാഞ്ച് സെക്രട്ടറി അഞ്ചരക്കണ്ടി കൊളത്തുമലയിലെ പ്രജിത്ത് ലാല്‍ നിവാസില്‍ പ്രജിത്ത് ലാല്‍(30)നെയാണ് കൂത്തുപറമ്ബ് പോലീസ് അറസ്റ്റു ചെയ്തത്.
ഒരു സ്കൂളിലെ രണ്ടു വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് ചൈല്‍ഡ് ലൈന്‍ നല്കിയ കൗണ്‍സിലിങ്ങിനിടെയാണ് എട്ടാം ക്ലാസുകാരിയായ പതിമൂന്നുകാരി പീഡന വിവരം വെളിപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് ചൈല്‍ഡ് ലൈനിന്റെ റിപ്പോര്‍ട്ടില്‍ പോക്സോ വകുപ്പു പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.