ലക്‌നൗ: തന്റെ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തന്റെ വിവാഹം തടസ്സമാവില്ലെന്ന് റായ്ബറേലിയിലെ കോണ്‍ഗ്രസ് എംഎല്‍എ അദിതി സിങ്. പഞ്ചാബില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ അംഗദ് സിങ് സൈനിയുമായുള്ള വിവാഹത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍.

റായ് ബറേലി മണ്ഡലത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ തന്റെ ഉത്തരവാദിത്വമാണ്. വിവാഹം കഴിച്ചു എന്നുകരുതി മണ്ഡലത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തടസ്സവും ഉണ്ടാവില്ല. ഒരു സ്ത്രീയുടെ പ്രവര്‍ത്തന മണ്ഡലവും വിവാഹവും ഒരുമിച്ച്‌ കൊണ്ടുപോകുന്നതിനെക്കുറിച്ച്‌ ചോദ്യങ്ങള്‍ ഉയരുന്നത് എന്തുകൊണ്ടാണ്? രണ്ടും ഒരുമിച്ച്‌ കൊണ്ടുപോകാന്‍ സ്ത്രീകള്‍ക്ക് കഴിയും. സ്ത്രീകളോട് ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് നിര്‍ത്തണമെന്നും അവര്‍ പറഞ്ഞു.

പഞ്ചാബിലെ നവന്‍ഷഹര്‍ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ ആണ് അദിതി സിങ്ങിന്റെ വരന്‍ അംഗദ് സിങ്. ഉത്തര്‍പ്രദേശിലെയും പഞ്ചാബിലെയും രണ്ട് മണ്ഡലങ്ങളിലെ എംഎല്‍എമാര്‍ തമ്മില്‍ വിവാഹം കഴിക്കുമ്ബോള്‍ അത് മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദിതി സിങ്. നവംബര്‍ 21ന് ആണ് ഇവര്‍ തമ്മിലുള്ള വിവാഹം.

ഒരേ തരത്തിലുള്ള രാഷ്ട്രീയ പശ്ചാത്തലത്തില്‍നിന്നു വരുന്നവരാണ് രണ്ടുപേരും. പരസ്പരം ശരിയായി മനസ്സിലാക്കാന്‍ ഇത് സഹായകരമാകും. തന്നെയും തന്റെ ജോലിയെയും മാനിക്കുന്ന നല്ല മനുഷ്യനാണ് അംഗദ് സിങ്- അവര്‍ പറഞ്ഞു.

ഒരേ രാഷ്ട്രീയ പാര്‍ട്ടിയില്‍നിന്ന് ഉള്ളവരാണെങ്കിലും രണ്ടു പേര്‍ക്കും വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉണ്ടാവാം. അതിന്റെ പേരില്‍ ആരും പ്രയാസപ്പെടാന്‍ പാടില്ല. അഭിപ്രായങ്ങള്‍ പങ്കുവെക്കുമെങ്കിലും പരസ്പരം സ്വാധീനിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അവര്‍ പറഞ്ഞു. വിമത എംഎല്‍എ എന്ന വിശേഷണം കുടുംബ ജീവിതത്തെ എങ്ങനെ ബാധിക്കും എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.

കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബഹിഷ്‌കരിച്ചപ്പോഴും നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ അദിതി സിങ് പങ്കെടുത്തത് വിവാദമായിരുന്നു. പാര്‍ട്ടി വിലക്ക് ലംഘിച്ചതിന്റെ പേരില്‍ അദിതി സിങ്ങിന് കോണ്‍ഗ്രസ് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.