ദില്ലി: ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിയുടെ സീറ്റില്‍ ഇരുന്ന് ചോദ്യങ്ങള്‍ ഉന്നയിച്ച മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിനോട് അവിടെ നിന്ന് മാറിയിരിക്കാന്‍ ആവശ്യപ്പെട്ട് സ്പീക്കര്‍ ഓം ബിര്‍ള. ഇന്ന് ചോദ്യോത്തര വേളയില്‍ അദ്ദേഹം ഇരുന്നത് രാഹുല്‍ ഗാന്ധിയുടെ സീറ്റിലായിരുന്നു. രാഹുല്‍ ഗാന്ധി സഭയില്‍ ഉണ്ടായിരുന്നില്ല. ചോദ്യോത്തര വേളയില്‍ രാഹുല്‍ ഗാന്ധിക്ക് അവസരം നല്‍കാനുള്ള താല്‍പ്പര്യം സ്പീക്കര്‍ പ്രകടിപ്പിച്ചു.

എന്നാല്‍ ഈ വേളയില്‍ അദ്ദേഹത്തിന്റെ സീറ്റില്‍ കണ്ടത് കൊടിക്കുന്നില്‍ സുരേഷിനെയാണ്. തുടര്‍ന്ന് മാറിയിരിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെടുകയായിരുന്നു. ലോക്‌സഭാ സ്പീക്കര്‍ പാനലിലുള്ള കോണ്‍ഗ്രസിന്റെ ഏക അംഗമാണ് കൊടിക്കുന്നില്‍ സുരേഷ്.

ഏറ്റവും മുതിര്‍ന്ന അംഗം എന്ന നിലയിലാണ് ഇദ്ദേഹത്തെ സോണിയാ ഗാന്ധി ശുപാര്‍ശ ചെയ്തത്. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവരുടെ അഭാവത്തില്‍ സഭ നിയന്ത്രിക്കുകയാണ് പാനല്‍ അംഗങ്ങളുടെ ചുമതല.