കണ്ണ് പകരുന്ന ദൃശ്യസമൃദ്ധിയേക്കാള്‍ വലുതായി ഒന്നുമില്ല. അറിവിന്‍െറയും അദ്ഭുതങ്ങളുടെയും ലോകം നമുക്ക് നല്‍കുന്ന പരിധികളില്ലാത്ത വിസ്മയമാണ് കാഴ്ച. കണ്ണിന്‍െറ പ്രവര്‍ത്തനങ്ങളെ നിരുപമമായ ദൃശ്യാനുഭവങ്ങളാക്കുന്നത് തലച്ചോറാണ്.

കാഴ്ചയുടെ ഒളി മങ്ങാനിടയാക്കുന്ന പ്രധാന രോഗമാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥ എന്നതിലുപരി രക്തക്കുഴലുകളെ അടക്കുന്ന ഒരു ദീര്‍ഘകാല രോഗമാണ് പ്രമേഹം. പ്രമേഹം അനിയന്ത്രിതമായി തുടരുന്നവരിലാണ് കാഴ്ചാപ്രശ്നങ്ങള്‍ സങ്കീര്‍ണമാകുന്നത്. പ്രാരംഭലക്ഷണങ്ങള്‍ പ്രകടമല്ലാത്തതിനാലും കാഴ്ചക്ക് പ്രശ്നമൊന്നും തുടക്കത്തിലില്ലാത്തതിനാലും കണ്ണിലെ ചെറുധമനികളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ അറിയാതെ ജീവിക്കുന്നവരാണ് പ്രമേഹരോഗികളിലധികവും.

സങ്കീര്ണതകളെ കരുതിയിരിക്കാം

മെല്ളെ മെല്ളെ വളരെ സാവധാനത്തിലാണ് പ്രമേഹം കാഴ്ച കവരുന്നത്. കണ്ണില്‍ കാഴ്ചയെ നിര്‍ണയിക്കുന്ന ഏറ്റവും പ്രധാന ഭാഗങ്ങളിലൊന്നാണ് ദൃഷ്ടി വിതാനം അഥവാ റെറ്റിന. നേത്രഗോളത്തിനുള്ളില്‍ പിന്‍ഭാഗത്തായി കാണുന്ന സുതാര്യസ്തരമാണിത്. കാഴ്ചാബോധം ഉണ്ടാക്കുന്ന പ്രതിബിംബങ്ങള്‍ റെറ്റിനയിലാണ് രൂപപ്പെടുന്നത്. വളരെ നേരിയ രക്തലോമികകളിലൂടെയും നേര്‍ത്ത ധമനികളിലൂടെയുമാണ് റെറ്റിനക്കാവശ്യമായ രക്തമത്തെുന്നത്. അനിയന്ത്രിതമായ പ്രമേഹം മൂലം ചെറിയ രക്തധമനികള്‍ അടഞ്ഞുപോവുകയോ ദുര്‍ബലമാവുകയോ ചെയ്യും. ഇത് കാഴ്ച ഭാഗികമായോ പൂര്‍ണമായോ നഷ്ടമാകുന്ന രോഗാവസ്ഥ (diabetic Retinopathy)ക്കിടയാക്കും. കണ്ണിന് മുന്നില്‍ ഇരുട്ടായി തോന്നുക, മൂടലകുള്‍, മങ്ങിയ വെളിച്ചത്തിലേക്ക് നീങ്ങുമ്പോള്‍ കടുത്ത അസ്വസ്ഥത, രാത്രിക്കാഴ്ച തീരെ കുറയുക തുടങ്ങിയവ രോഗം ഗുരുതരാവസ്ഥയില്‍ എത്തിയ ശേഷമേ രോഗി അറിയാറുള്ളൂ. ഇതൊഴിവാക്കാനായി കാഴ്ചാ പ്രശ്നങ്ങള്‍ ഒന്നുമില്ളെങ്കിലും പ്രമേഹരോഗികള്‍ ഇടക്കിടെ നേത്രപരിശോധന നടത്തേണ്ടതാണ്.