വാളയാര്‍ കേസിലെ സഹോദരിമാരായ പെണ്‍കുട്ടികളുടെ ദുരൂഹമരണം സി.ബി.ഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് കേരളത്തിലെ യു.ഡി.എഫ് എം.പിമാര്‍ ലോക്‌സഭയില്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ പ്രതികരണം ആവശ്യപ്പെട്ടാണ് യുഡിഎഫ് എംപിമാര്‍ ബഹളം വെച്ചത്. വാളയാര്‍ കേസ് ലോക്‌സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന കൊടിക്കുന്നില്‍ സുരേഷ് എം പി അന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ചു. സംസ്ഥാനസര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്നും കൊടിക്കുന്നില്‍ പറഞ്ഞു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടണമെന്നും യുഡിഎഫ് എംപിമാര്‍ ആവശ്യപ്പെട്ടു.

വാളയാര്‍ കേസ് ഗൗരവമേറിയ വിഷയമെന്നും പ്രശ്‌നം ഗൗരവത്തോടെ പരിഗണിക്കണമെന്നും ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള നിര്‍ദേശിച്ചു.