ദുബൈ:  ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ക്ക് നിസ്സാരമായി പരിക്കേറ്റു. കണ്ണൂര്‍ പുതിയങ്ങാടി സ്വദേശി പൂവന്‍ കളത്തിലെ പുരയില്‍ അബ്ദുല്‍ ഖാദറിന്റെ മകന്‍ കെ ടി ഹക്കീം (52) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. ഗോള്‍ഡന്‍ ഏജ് ജനറല്‍ ട്രേഡിങ് ഉടമയായ ഹക്കീമും പാര്‍ട്ണര്‍മാരും സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്.

അല്‍ അവീര്‍ ഫ്രൂട്‌സ് ആന്‍ഡ് വെജിറ്റബിള്‍ മാര്‍ക്കറ്റിലേക്കുള്ള യാത്രയ്ക്കിടെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ട്രെയിലറിലിടിക്കുകയായിരുന്നു. ഹക്കീം അപകട സ്ഥലത്തുതന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

മാതാവ്: റാബിയ. ഭാര്യ: ഫാത്ത്വിബി. ഫഹീം, ഹസ്‌ന, ഹിബ എന്നിവര്‍ മക്കളാണ്. നാട്ടിലുള്ള കുടുംബത്തിന്റെ സമ്മത പ്രകാരം മൃതദേഹം ദുബൈയില്‍ അല്‍ഖൂസ് ഖബര്‍സ്ഥാനില്‍ മറവു ചെയ്യാനുള്ള നടപടികള്‍ സാമൂഹിക പ്രവര്‍ത്തകനായ നസീര്‍ വാടാനപ്പള്ളിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.