കൊല്‍ക്കത്ത: അഖിലേന്ത്യാ മജ്ലിസ് ഇ-ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസിക്കെതിരെ ആഞ്ഞടിച്ച്‌ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അദ്ദേഹത്തിന്റെ പാര്‍ട്ടി സമുദായങ്ങളെ ഭിന്നിപ്പിക്കുന്നുവെന്ന് ആരോപിച്ച മമത തീവ്രവാദത്തിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പശ്ചിമ ബംഗാളിലെ അതിര്‍ത്തി ജില്ലയായ കൂച്ച്‌ ബെഹാറില്‍ തിങ്കളാഴ്ച നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി.

ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റം ഇവിടത്തെ പ്രധാന ചര്‍ച്ചാവിഷയമാണ്. പ്രസംഗത്തില്‍ എഐഎംഐഎം അല്ലെങ്കില്‍ അസദുദ്ദീന്‍ ഒവൈസി എന്ന് പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഹൈദരബാദില്‍ നിന്നുള്ളവരാണെന്ന് പരാമര്‍ശിച്ചിരുന്നു. ഹൈദരാബാദില്‍ നിന്നുള്ള എംപിയാണ് ഒവൈസി. എഐഐഎം വ്യത്യാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ഇത്തരം ശക്തികളെ വിശ്വസിച്ച്‌ തെറ്റ് വരുത്തരുതെന്നും ബാനര്‍ജി ന്യൂനപക്ഷങ്ങളോട് ആവശ്യപ്പെട്ടു. ഹിന്ദു തീവ്രവാദ ശക്തികള്‍ക്കെതിരെയും മമത വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ മമതയ്ക്ക് മറുപടിയുമായി ഒവൈസി രംഗത്തെത്തി. ഇത് മത തീവ്രവാദമല്ലെന്നും രാജ്യത്തെ ന്യൂനപക്ഷങ്ങളില്‍ ഏറ്റവും മോശം അവസ്ഥ ബംഗാളിലെ മുസ്ലീങ്ങളുടേതാണെന്നും പറഞ്ഞു. ഹൈദരാബാദില്‍ നിന്നുള്ള ഒരു കൂട്ടം ആളുകളെക്കുറിച്ച്‌ ദീദിക്ക് ആശങ്കയുണ്ടെങ്കില്‍ ബംഗാളിലെ 42 സീറ്റുകളില്‍ 18 എണ്ണം ബിജെപി എങ്ങനെ നേടിയെന്ന് വ്യക്തമാക്കണമെന്നും ഒവൈസി ട്വീറ്റ് ചെയ്തു.

2011 മുതല്‍ മമത ബാനര്‍ജിയാണ് പശ്ചിമ ബംഗാള്‍ ഭരിക്കുന്നത്. എന്നാല്‍ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ തോതിലുള്ള പ്രതിസന്ധി നേരിടേണ്ടി വരുമെന്നാണ് നിലവിലെ രാഷ്ട്രീയ സാഹചര്യം വ്യക്തമാക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തോടെ സംസ്ഥാനത്ത് വലിയ പ്രതീക്ഷയാണ് ബിജെപി വെച്ചുപുലര്‍ത്തുന്നത്.