കോമഡി റിയാലിറ്റി ഷോകളിലൂടെ സിനിമാ രംഗത്തെത്തിയ യുവ താരമാണ് ഡെയിന്‍ ഡേവിസ്. അവതാരകനായി കാണികളെ ചിരിപ്പിക്കുകയും മത്സരാര്‍ത്ഥികള്‍ക്കൊപ്പം ആര്‍പ്പുവിളിച്ചും പ്രേഷകമനസിലിടം നേടി. പിന്നീട് കാമുകി,​ പ്രേതം 2,​ കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ഇപ്പോള്‍ സിനിമയായിരുന്നു തന്റെ ആദ്യ ലക്ഷ്യമെന്നും,​ എന്നാല്‍ നടനാവുന്നതിനൊപ്പം മറ്റൊരാഗ്രഹം കൂടി ഉണ്ടായിരുന്നെന്ന് വെളിപ്പെടുത്തുകയാണ് താരം. കൗമുദി ടി.വി ഡെ വിത് എ സ്റ്റാറിലൂടെയാണ് ഡെയിന്‍ മനസുതുറന്നത്.

ചെറുപ്പത്തില്‍ തനിക്ക് രണ്ട് ആഗ്രഹങ്ങളുണ്ടായിരുന്നെന്നും അന്ന് മിമിക്രിയും നാടകങ്ങളും ചെയ്തിരുന്നതായും താരം പറയുന്നു. തന്റെ പള്ളിയില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുത്തിരുന്നതായും ആ സമയത്ത് വളരെ ആക്ടീവായിരുന്നെന്നും ഡെയിന്‍ വെളിപ്പെടുത്തി.

“വിഷ്വല്‍ കമ്യൂണിക്കേഷനിലാണ് ഡിഗ്രി ചെയ്തത്. ഈ കോഴ്സ് പഠിച്ചതുതന്നെ മറ്റാരാള്‍ ഇനി വേറെ പണിക്ക് പോകണമെന്ന് പറയാതിരിക്കാന്‍ വേണ്ടിയാണ്. പഠിച്ചു കഴിഞ്ഞാല്‍ എന്ത് ചെയ്യണമെന്ന് ചോദിച്ചാല്‍ എനിക്ക് ഒരൊറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. സിനിമ. അതൊക്കെ മുന്‍കൂട്ടി കണ്ടാണ് ഈ കോഴ്സ് എടുത്തതുതന്നെ. രണ്ട് ആഗ്രഹമേ ചെറുപ്പത്തില്‍ പറഞ്ഞിട്ടുള്ളൂ. ഒന്ന് പള്ളീലച്ചനാകണമെന്നും രണ്ടാമത്തേത് സിനിമാ നടനാകണമെന്നും. ഇത് രണ്ടും രണ്ട് എക്സ്ട്രീമായി നില്‍ക്കുന്ന ജോലികളാണ്.

പള്ളീലച്ചനാവണമെന്ന് പറഞ്ഞതിനു കാരണം പള്ളിയില്‍ ഞാന്‍ നല്ല ആക്ടീവായിരുന്നു. ചെറുപ്പത്തില്‍ എല്ലാ സംഘടനകളിലുമൊക്കെ ഉണ്ടായിരുന്നു. ഞങ്ങളുടെ പള്ളിയിലെ അച്ചന്‍ ഭയങ്കര ആക്ടീവായിരുന്നു. നാടകവും മിമിക്രിയുമൊക്കെ ചെയ്തു. മോണോ ആക്ടൊക്കെ പഠിപ്പിച്ചു. അവിടുത്തെ സ്റ്റാറായിരുന്നു. അന്ന് കള്‍ച്ചറല്‍ പരിപാടികളിലൊക്കെ ആളായി നില്‍ക്കണം എന്നൊരാഗ്രഹമുണ്ടായിരുന്നു. അച്ചനെ കണ്ടിട്ടാണ് എനിക്കും അങ്ങനൊരാഗ്രഹം വന്നത്. പിന്നെ ഒരു പ്രായം കഴിഞ്ഞപ്പോഴാണ് മാറി ചിന്തിച്ചത്”.