തിരുവനന്തപുരം: കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ്​ നടത്തിയ ലാത്തി ചാര്‍ജില്‍ ഷാഫി പറമ്ബില്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തി​​െന്‍റ തലക്കും പരിക്കേറ്റു. തലക്ക് ലാത്തിയടിയേറ്റെന്നും പൊലീസ് മര്‍ദിച്ചെന്നും എം.എല്‍.എ പറഞ്ഞു.

കേരള സര്‍വകലാശാലയിലെ മാര്‍ക്ക് തട്ടിപ്പും വാളയാര്‍ കേസും ഉന്നയിച്ചായിരുന്നു കെ.എസ്.യുവി​​െന്‍റ മാര്‍ച്ച്‌. മാര്‍ച്ചിനിടെ ഷാഫി പറമ്ബില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചിരുന്നു. ഈ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇവരെ കൊണ്ടുപോയ പൊലീസ് വാന്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടഞ്ഞതാണ്​ സംഘര്‍ഷത്തിനിടയാക്കിയത്​. തുടര്‍ന്ന്​ പൊലീസ് പ്രവര്‍ത്തകര്‍ക്ക്​ നേരെ ലാത്തി വീശുകയായിരുന്നു.

സമാധാനപരമായി നടത്തിയ സമരത്തിന് നേരെയാണ് പൊലീസ് അതിക്രമം കാട്ടിയതെന്ന് എം.എല്‍.എ വിമര്‍ശിച്ചു. സഭക്ക്​ അകത്തും പുറത്തും സമരം തുടരുമെന്ന് ഷാഫി പറമ്ബില്‍ വ്യക്തമാക്കി.