സീറോ മലബാര്‍ സഭയിലെ എല്ലാ രൂപതകളെയും ഇടവകകളെയും വിശ്വാസികളെയും ഇന്റര്‍നെറ്റ് ശൃംഖലയിലൂടെ ബന്ധിപ്പിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമായി. സഭാസംബന്ധമായ അറിയിപ്പുകളും വാര്‍ത്തകളും ഉള്‍പ്പെടെ സമഗ്രവിവര വിനിമയം ലക്ഷ്യമാക്കി സഭയുടെ ഇന്റര്‍നെറ്റ് മിഷനാണ് ആപ്ലിക്കേഷനു രൂപം നല്‍കിയിട്ടുള്ളത്. കോട്ടയം, തലശേരി, മാനന്തവാടി രൂപതകളില്‍ എല്ലാ ഇടവകകളുടെയും മൊബൈല്‍ ആപ്പുകള്‍ ഇതിനകം തയാറായിക്കഴിഞ്ഞു.ഇതോടൊപ്പം സഭയിലെ സ്ഥാപനങ്ങള്‍, സന്യാസ സമൂഹങ്ങള്‍, പ്രസ്ഥാനങ്ങള്‍ എന്നിവയെല്ലാം നെറ്റ് വര്‍ക്കിന്റെ ഭാഗമാകും.

പ്ലേസ്‌റ്റോറില്‍ നിന്നോ ആപ്പ് സ്‌റ്റോറില്‍നിന്നോ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഇടവകകളില്‍ പേരും മൊബൈല്‍ നമ്പറും അനുബന്ധ വിവരങ്ങളും ചേര്‍ത്തിട്ടുള്ള എല്ലാവര്‍ക്കും ഇതിന്റെ സേവനം ലഭ്യമാകും. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കു താത്കാലികമായി ഉപയോഗിക്കാന്‍ സീറോ മലബാര്‍ സഭയുടെ ലോഗോയോടു കൂടിയ പബ്ലിക് ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. രൂപത മെത്രാന് വൈദികരുമായോ വിശ്വാസികളുമായോ സംഘടനകളുമായോ ആശയവിനിമയം നടത്താന്‍ ഇതിലൂടെ സാധിക്കും.

ഇടവകയില്‍ നിന്നോ രൂപതയില്‍നിന്നോ വിശ്വാസികള്‍ക്ക് ആവശ്യമായ കൂദാശകള്‍ സംബന്ധിച്ചും മറ്റുമുള്ള സര്‍ട്ടിഫിക്കറ്റുകള്‍, അനുമതിപത്രങ്ങള്‍ എന്നിവ സമീപഭാവിയില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ആവശ്യപ്പെടാം.

വികാരിക്കോ ബന്ധപ്പെട്ട അധികാരികള്‍ക്കോ അപേക്ഷ പരിശോധിച്ച് നെറ്റ് വര്‍ക്ക് വഴി തന്നെ ആവശ്യപ്പെടുന്ന രേഖകള്‍ അയച്ചു നല്‍കാനും സാധിക്കും. സീറോ മലബാര്‍ ഡയറക്ടറി, കലണ്ടര്‍, അനുദിന സഭാവാര്‍ത്തകള്‍, പ്രാര്‍ത്ഥനകള്‍, ഫോണ്‍ നമ്പറുകള്‍ എന്നിവയെല്ലാം മൊബൈല്‍ ആപ്പു വഴി ലഭ്യമാകും. ആരാധാനാക്രമമനുസരിച്ചുള്ള ഓരോ ദിവസത്തെയും ബൈബിള്‍ ഭാഗങ്ങള്‍, വചനസന്ദേശങ്ങള്‍ എന്നിവയും ലഭിക്കുമെന്നു സീറോ മലബാര്‍ ഇന്റര്‍നെറ്റ് മിഷന്‍ ഡയറക്ടര്‍ ഫാ. ജോബി മാപ്രക്കാവില്‍ പറഞ്ഞു.