മാവേലിക്കര: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ ലോട്ടറിയുടെ ഒന്നാംസമ്മാനമായ ഒരു കോടി രൂപ തേടിയെത്തിയത് സൈക്കിള്‍ വര്‍ക്ക്‌ഷോപ് ഉടമയെ. മാന്നാര്‍ പാവുക്കര കാരാഞ്ചേരില്‍ വീട്ടില്‍ അനില്‍കുമാര്‍ എന്ന ഉണ്ണി(45)യെ ആണ് ഭാഗ്യദേവത കടാക്ഷിച്ചത്. മാവേലിക്കര പുതിയകാവില്‍ സൈക്കിള്‍ റിപ്പയറിങ് നടത്തുകയാണ് അനില്‍കുമാര്‍.
കാരുണ്യയുടെ കെ ആര്‍ 422-ാം നമ്ബര്‍ ലോട്ടറിക്കാണ് സമ്മാനമടിച്ചത്. അനില്‍കുമാര്‍ എടുത്ത കെ സി 457016 നമ്ബറിലുള്ള ടിക്കറ്റിനാണ്‌ ഒന്നാം സമ്മാനം.
പതിവായി ഭാഗ്യക്കുറി എടുക്കുന്ന അനില്‍ മാവേലിക്കര പുതിയകാവ് ജങ്ഷനിലെ സൈക്കിള്‍ റിപ്പയറിങ് കടയിലെത്തിയ വില്‍പ്പനക്കാരനില്‍നിന്നാണ്‌ ടിക്കറ്റെടുത്തത്. എല്ലാ ശനിയാഴ്‍ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി ടിക്കറ്റിന്‍റെ വില 50 രൂപയാണ്.