അറുപതു കിലോ ചക്ക തരാമോയെന്ന് എംബസി ഓഫ് ബ്രസീൽ. തരാമല്ലോയെന്നു വർഗീസ് തരകൻ. ബ്രസീലിന്റെ റിപ്പബ്ലിക് ദിനമായ ഇന്നു ന്യൂഡൽഹിയിൽ ഒരുക്കുന്ന വിരുന്നിൽ വിളന്പുന്ന പ്രധാന ഇനമായ ബ്രസീലിയൻ ഡെസർട്ട് തയാറാക്കാനാണ് ചക്ക. ബ്രസീലിൽ ചക്ക വിശിഷ്ട വിഭവമാണ്.
ചക്ക ലഭ്യമല്ലാത്ത സീസണിൽ ഡൽഹിയിലെ ബ്രസീൽ എംബസിയിലെ ഉദ്യോഗസ്ഥർ ഇന്ത്യ മുഴുവൻ അന്വേഷിച്ചുവലഞ്ഞതായിരുന്നു. ഒടുവിൽ സാമൂഹ്യ മാധ്യമങ്ങളിലും പത്രമാധ്യമങ്ങളിലും വാർത്താതാരമായ വർഗീസ് തരകന്റെ കുറുമാൽകുന്നിലെ ആയുർജാക്ക് ഫാമിനെക്കുറിച്ച് അവർ മനസിലാക്കി. 365 ദിവസവും ചക്ക വിളയുന്ന ഫാമിൽനിന്നു ചക്ക കിട്ടുമോയെന്ന് ആരാഞ്ഞുകൊണ്ടുള്ള ഫോണ്സന്ദേശമാണ് ആദ്യം ലഭിച്ചത്. പിറകേ എംബസിയുടെ ഡെപ്യൂട്ടി ചീഫ് ബ്രെണോ ഹെർമൻ ഒപ്പുവച്ച കത്തും വന്നു. അവരുടെ അഭ്യർഥനയനുസരിച്ച് പഴുക്കാറായ ചക്ക വിളവെടുത്തു പായ്ക്ക് ചെയ്ത് എയർ കാർഗോ വഴി വർഗീസ് തരകൻ അയച്ചുകൊടുത്തു.
കേന്ദ്രമന്ത്രിമാരും വിവിധ എംബസി അധികൃതരും പങ്കെടുക്കുന്ന വിരുന്നിൽ വർഗീസ് തരകന്റെ ചക്കകൊണ്ടു തയാറാക്കിയ ഡെസർട്ടും വിശിഷ്ട വിഭവങ്ങളി ൽ സ്ഥാനംപിടിക്കും.