അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രയേൽ സെറ്റിൽമെന്റുകൾ അനധികൃതമല്ലെന്ന് യുഎസ്. ബരാക് ഒബാമയുടെ ഭരണകാലത്തെ യുഎസ് നിലപാടിനെ തിരുത്തിയാണ് ട്രംപ് ഭരണകൂടം ഈ നടപടിയെ സ്വാഗതം ചെയ്തത്. സിവിലിയൻ സെറ്റിൽമെന്റുകൾ അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് കരുതുന്നില്ലെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.
നിയമപരമായ വാദങ്ങളുടെ എല്ലാ വശങ്ങളും ശ്രദ്ധാപൂർവം പഠിച്ച ശേഷമാണ് തീരുമാനത്തിൽ എത്തിയത്. ഈ പ്രശ്നത്തിന് ഒരു ജുഡീഷ്യൽ പരിഹാരം ഉണ്ടാകില്ലെന്നുള്ളത് കഠിന യാഥാര്‍ഥ്യമാണ്. അന്താരാഷ്ട്ര നിയമപ്രകാരം ആരാണ് ശരി, ആരാണ് തെറ്റ് എന്നത് സംബന്ധിച്ചുള്ള തർക്കങ്ങൾ സമാധാനം കൊണ്ടുവരില്ലെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി കൂട്ടിച്ചേർത്തു.
എന്നാൽ അമേരിക്കയുടെ നയപരമായ മാറ്റത്തെ പലസ്തീന് ശക്തമായി അപലപിച്ചു. അമേരിക്കയുടെ തീരുമാനം അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണെന്ന് പലസ്തീൻ അഥോറിറ്റി പ്രതികരിച്ചു. അതേസമയം, ചരിത്രപരമായ തെറ്റ് യുഎസ് ശരിയാക്കിയെന്നും അടിത്തട്ടിലെ യഥാർഥ്യത്തെ അംഗീകരിച്ചെന്നുമായിരുന്നു ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രതികരണം.
1967ലെ പശ്ചിമേഷ്യൻ യുദ്ധത്തിലാണ് ഇസ്രയേല്‍ വെസ്റ്റ്ബാങ്കിലേക്ക് അധിനിവേശം നടത്തുന്നത്. ഇസ്രയേലും അന്താരാഷ്ട്ര സമൂഹവും പലസ്തീനികളും തമ്മിലുള്ള തർക്കത്തിന്റെ ഉറവിടമാണ് അവ. വെസ്റ്റ് ബാങ്കിലേയും ഈസ്റ്റ് ജറുസലേമിലേയും 140ലേറെ സെറ്റിൽമെന്റുകളിലായി ആറു ലക്ഷത്തോളം ജൂതരാണ് താമസിക്കുന്നത്.