അസീസ്സി: അഗാധമായ ദിവ്യകാരുണ്യ ഭക്തിയില്‍ ജീവിച്ച് പതിനഞ്ചാം വയസില്‍ മരണമടഞ്ഞ് തിരുസഭ ധന്യപദവിയിലേക്ക് ഉയര്‍ത്തിയ കാര്‍ളോ അക്യൂറ്റിസിന്റെ നാമകരണം പുതിയ തലങ്ങളിലേക്ക്. ലുക്കീമിയയെ തുടര്‍ന്നു നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട കാർളോയുടെ മദ്ധ്യസ്ഥതയിൽ രോഗസൗഖ്യം ലഭിച്ചതായി വിശുദ്ധരുടെ നാമകരണത്തിനുവേണ്ടിയുള്ള തിരുസംഘത്തിന്റെ മെഡിക്കൽ കൗൺസിൽ കഴിഞ്ഞദിവസം അംഗീകരിച്ചിരുന്നു. ഇനി പ്രസ്തുത രോഗസൗഖ്യത്തെ സംബന്ധിച്ച വിശദാംശങ്ങൾ ദൈവശാസ്ത്ര കമ്മീഷന്റെ പരിഗണനയ്ക്കായി പോകുമെന്നും അധികം വൈകാതെ ഈ കൗമാര ബാലന്‍ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കാര്‍ളോയുടെ മധ്യസ്ഥതയില്‍ ബ്രസീല്‍ സ്വദേശിയായ ബാലനു ലഭിച്ച അത്ഭുതസൌഖ്യം സ്ഥിരീകരിച്ചതായി കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. സഭയ്ക്ക് മുഴുവനായും, പ്രത്യേകിച്ച് യുവജനങ്ങൾക്കും വിശുദ്ധിയിലൂടെയുളള യാത്രയിൽ പ്രോത്സാഹനമാകാൻ ദൈവം തന്റെ ദാസനെ മഹത്വപ്പെടുത്തുന്നതിനായി തങ്ങൾ പ്രാർത്ഥന തുടരുകയാണെന്ന് അസീസിയിലെ ആർച്ച് ബിഷപ്പായ ഡൊമിനികോ സോറൺഡീനോ പറഞ്ഞു. വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം അസീസിയിൽ നടക്കാനാണ് കൂടുതൽ സാധ്യതയുള്ളതെന്ന് സൂചനകളുണ്ട്.
സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അതീവ തൽപരനായിരുന്നു കാര്‍ളോ. ലോകത്തിലെ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ബൃഹത്തായ ഓൺലൈൻ ശേഖരം തന്നെ നന്നേ ചെറിയ പ്രായത്തിനുള്ളിൽ കാർളോ സജ്ജീകരിച്ചിരുന്നു. പതിനൊന്ന് വയസ്സുള്ളപ്പോള്‍ ആരംഭിച്ച ഈ ഉദ്യമം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിന്നു. നമ്മൾ ദിവ്യകാരുണ്യം എത്രയധികമായി സ്വീകരിക്കുന്നുവോ, അത്രമാത്രം നാം യേശുവിനെ പോലെയാകുമെന്നും അങ്ങനെ ഈ ഭൂമിയിൽ നമുക്ക് സ്വർഗ്ഗത്തിന്റെ ഒരു മുന്നാസ്വാദനം ഉണ്ടാകുമെന്നും കാര്‍ളോ പതിനൊന്നാമത്തെ വയസ്സിൽ കുറിച്ചു.
കാര്‍ളോ ഒരുക്കിയ ദിവ്യകാരുണ്യ വിര്‍ച്വല്‍ ലൈബ്രറിയുടെ പ്രദര്‍ശനം അഞ്ചു ഭൂഖണ്ഡങ്ങളിലാണ് നടന്നിരിക്കുന്നത്. ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിനും വിശ്വാസ നവീകരണത്തിനും ഇത് സഹായകരമായിട്ടുണ്ടെന്ന് നൂറുകണക്കിനാളുകള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അനേകരെ ദിവ്യകാരുണ്യത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നതിനു ശേഷമാണ് 2006 ഒക്ടോബര്‍ 12നു തന്റെ പതിനഞ്ചാം വയസ്സില്‍ അവന്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായത്. അടുത്തിടെ കാര്‍ളോ അക്യൂറ്റിസിന്റെ ശരീരം അഴുകാത്ത നിലയിൽ കണ്ടെത്തിയെന്ന്‍ നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്റര്‍ ഫാ. മാര്‍സെലോ ടെനോറിയോ സാക്ഷ്യപ്പെടുത്തിയിരിന്നു.