വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ ഏപ്രിൽ മാസത്തില്‍ നൂറുവയസ്സു തികഞ്ഞ ബൊളോഞ്ഞയിലെ വൈദീകരുടെ ഡീനായ ഫാ. ഏർണെസ്റ്റൊയെ സാന്താ മാർത്തയിൽ ദിവ്യബലിയർപ്പിക്കാൻ ക്ഷണിച്ച് ഫ്രാൻസിസ് പാപ്പ. പലരേയും പോലെ താനും ഒരു സാധാരണ വൈദികനാണെന്നും രണ്ടാം ലോകമഹായുദ്ധകാലത്താണ് താന്‍ വൈദീകപട്ടം സ്വീകരിച്ചതെന്നു അദ്ദേഹം പറഞ്ഞു. 75 വർഷം വൈദീകനായി ജീവിതം പിന്നിട്ട തന്‍റെ വൈദീക ജീവിതം മാർപാപ്പായുമൊത്ത് ആഘോഷിക്കാൻ കഴിഞ്ഞതിന് താൻ കടപ്പെട്ടിരിക്കുന്നത് മൊസാംബിക്കിൽ മിഷ്ണറിയായി മരിച്ച തന്‍റെ സഹോദരി അനനിയായോടാണെന്ന് ഫാ. ഏർണെസ്റ്റോ പറഞ്ഞു.

യുദ്ധത്തിന്‍റെ ദുരിതങ്ങൾ ഏറ്റുവാങ്ങി കൂടെയുണ്ടായിരുന്ന പലരുടേയും ദുരന്തമരണങ്ങൾ കണ്ട അദ്ദേഹം ഭീഷണികൾ നേരിട്ട അവസരങ്ങൾ ഒസ്സർവത്തോരെ റൊമാനോ പത്രവുമായി പങ്കുവച്ചു. കർഷക കുടുംബത്തിൽ ജനിച്ച അഞ്ചു മക്കളില്‍ ഒരാളായിരുന്നു ഏർണെസ്റ്റോ. ഇപ്പോൾ ബൊളോഞ്ഞയിലെ വൈദീകരുടെ ഡീനായ അദ്ദേഹം കാസ്തൽ ഫ്രാങ്കോ എമീലിയായിലാണ് ശുശ്രൂഷ ചെയ്യുന്നത്.