കൊല്ലം: ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സമൂഹം ജാഗ്രത പുലര്‍ത്തേണ്ട കാലഘട്ടമാണിതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. നല്ല നടപ്പ് (പ്രൊബേഷന്‍) ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഭരണഘടനയെ വെല്ലുവിളിക്കുന്ന സാമൂഹികാന്തരീക്ഷം ആശാസ്യമല്ല. വ്യത്യസ്തത ഏറെയുള്ള സാമൂഹ്യക്രമം നിലനില്‍ക്കുന്ന രാജ്യത്ത് പാര്‍ലമന്റിനും മുകളിലായാണ് ഭരണഘടനയെന്ന് കാണണം. ഇങ്ങനെയൊരു സമൂഹത്തില്‍ കാണപ്പെടുന്ന കുറ്റവാളികളുടെ മാനസിക പരിവര്‍ത്തനത്തിനാണ് ഊന്നല്‍ നല്‍കേണ്ടത്.
ജയിലുകളില്‍ കഴിയുന്ന 21 വയസിന് താഴെയുള്ളവരെ കുറ്റകൃത്യങ്ങളുടെ വ്യാപ്തിക്ക് അനുസൃതമായി പ്രൊബേഷന്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വരാന്‍ കഴിയുമോ എന്ന് പരിശോധിക്കണം. പ്രായം കുറഞ്ഞ കുറ്റവാളികളെ നല്ലനടപ്പിന് വിധേയരാക്കി മെച്ചപ്പെട്ട സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനാകും എന്നും മന്ത്രി വ്യക്തമാക്കി.
അങ്കണവാടി മുതല്‍ പ്ലസ് ടൂതലം വരെയുളള അധ്യാപകര്‍ക്കായി പോക്‌സോ ആക്റ്റ് സംബന്ധിച്ച ക്ലാസുകള്‍ സംഘടിപ്പിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായ പ്രിന്‍സിപ്പല്‍ ജില്ലാ ആന്റ് സെഷന്‍സ് ജഡ്ജ് എസ് എച്ച് പഞ്ചാപകേശന്‍ പറഞ്ഞു.