നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകുന്നേരം നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം. കൊച്ചിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പോകുന്നതിനു വേണ്ടി നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ എത്തിയതായിരുന്നു താരം.

സ്പൈസ് ജെറ്റില്‍ ചെന്നൈക്ക് പോകാനായി പരിശോധനയ്ക്ക് ശേഷം വിമാനത്തില്‍ പ്രവേശിക്കുന്നതിനിടെയായിരുന്നു ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ താരത്തെ അങ്കമാലിയിലെ എല്‍ എഫ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റി.നേരത്തെ മുതല്‍ ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോക്ടറുടെ ചികിത്സയിലാണ് ശ്രീനിവാസന്‍. താരത്തിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള കൂടുതല്‍ വിവരം പുറത്തു വന്നിട്ടില്ല.

ഡബ്ബിങ്ങിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ജനുവരിയില്‍ താരം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഡബ്ബിംങ്ങിനായി ലാല്‍ മീഡിയയില്‍ എത്തിയപ്പോഴായിരുന്നു അന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയും ആരോഗ്യസ്ഥിതി വീണ്ടെടുക്കുകയുമായിരുന്നു. തുടര്‍ന്ന് വീണ്ടും ഷട്ടിങ്ങില്‍ സജീവമാകുകയായിരുന്നു