ഡല്‍ഹി : ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ശേഷം എസ്‌എ ബോബ്ഡെയുടെ മുന്നില്‍ ആദ്യം ഉന്നയിച്ചത് കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് വിഷയം ശ്രദ്ധയില്‍പ്പെടുത്തിയത്.

ഐഎന്‍എക്‌സ് മീഡിയക്കേസില്‍ ചിദംബരം ജയിലിലായിട്ട് തൊണ്ണൂറ് ദിവസം കഴിഞ്ഞെന്ന് കപില്‍ സിബല്‍ അറിയിച്ചു. നാളെയോ മറ്റന്നാളോ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

അതേസമയം ചിദംബരത്തിന് ജാമ്യം നിഷേധിച്ച ഉത്തരവിലെ പിഴവ് തിരുത്തണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. മറ്റൊരു ഉത്തരവിലെ വരികള്‍ ചിദംബരത്തിന്റെ കേസില്‍ അതേപടി കോടതി പകര്‍ത്തി വച്ചത് വിവാദമായിരുന്നു.

ഇന്നാണ് എസ്‌എ ബോബ്‌ഡെ ഇന്ത്യന്‍ ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റത്. രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. അയോധ്യാ ചരിത്ര വിധിയുടെ തുടര്‍ചലനങ്ങളാണ് ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്ന എസ്‌എ ബോബ്ഡെയെ കാത്തിരിക്കുന്നത്.

ഭരണഘടനാ ബെഞ്ചിലെ അംഗമായിരുന്ന ബോബ്ഡെ, മറ്റ് ജഡ്ജിമാര്‍ക്കൊപ്പം വിധിയില്‍ ഉറച്ചുനിന്നിരുന്നു. പുനഃപരിശോധനാ ഹര്‍ജികള്‍ എത്തുമ്ബോള്‍ ബെഞ്ച് പുനഃസംഘടിപ്പിക്കേണ്ട ചുമതല ചീഫ് ജസ്റ്റിസിനാണ്. വിശാല ബെഞ്ചിന്റെ രൂപീകരണവും ബോബ്ഡെയുടെ ഉത്തരവാദിത്തമാണ്.