അണ്ടര്‍ 23 ടീമുകള്‍ മാറ്റുരച്ച യുനൈറ്റഡ് ഫുട്‌ബോള്‍ ഫെസ്റ്റിവല്‍ ടൂര്‍ണമെന്റില്‍ ബ്രസീലിനെ വീഴ്ത്തി അര്‍ജന്റീന ജേതാക്കളായി. സ്‌പെയിനിലെ കാനറി ദ്വീപില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം. നാലാം മിനുട്ടില്‍ നിക്കോളാസ് കപാല്‍ഡോ ആണ് മത്സരത്തിലെ ഏകഗോള്‍ നേടിയത്.

ജനുവരിയില്‍ നടക്കുന്ന ദക്ഷിണ അമേരിക്കന്‍ ഒളിംപിക്‌സ് യോഗ്യതക്കു മുമ്ബത്തെ അവസാന ടൂര്‍ണമെന്റായിരുന്നു യുനൈറ്റഡ് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റ്. ആര്‍.ബി ലീപ്‌സിഷ് താരം മത്ത്യാസ് കുഞ്ഞയുടെ ഗോളില്‍ യു.എസ്.എയെ തോല്‍പ്പിച്ചാണ് ബ്രസീല്‍ കലാശപ്പോരിന് യോഗ്യത നേടിയത്.

ചിലി ടീം അപ്രതീക്ഷിതമായി പിന്മാറിയതിനെ തുടര്‍ന്ന് സംഘാടകര്‍ തട്ടിക്കൂട്ടിയ യുനൈറ്റഡ് ഗ്രാന്‍ കനേറിയ എന്ന ടീമിനെയാണ് അര്‍ജന്റീനക്ക് നേരിടാനുണ്ടായിരുന്നത്. ഇരുപകുതികളിലും ഏഴു ഗോള്‍ വീതം നേടി 14-0 ന് ഫെര്‍ണാണ്ടോ ബാറ്റിസ്റ്റ പരിശീലിപ്പിച്ച ടീം കലാശപ്പോരിന് യോഗ്യത നേടി.

ഫൈനലിന്റെ അഞ്ചാം മിനുട്ടില്‍ ബ്രസീല്‍ ഗോള്‍കീപ്പര്‍ വരുത്തിയ ഭീമാബദ്ധമാണ് അര്‍ജന്റീനയുടെ ഗോളില്‍ കലാശിച്ചത്. കീപ്പറുടെ പാസ് പിടിച്ചെടുത്ത മിഡ്ഫീല്‍ഡര്‍ മത്യാസ് സറാച്ചോ ബോക്‌സിലേക്കു മുന്നേറി. സറാച്ചോയുടെ ഗോള്‍ശ്രമം ബ്രസീല്‍ കീപ്പര്‍ തടഞ്ഞെങ്കിലും പന്ത് വീണ്ടെടുത്ത 15-ാം നമ്ബര്‍ താരം ഒഴിഞ്ഞുനിന്ന കപാല്‍ഡോക്ക് കൈമാറുകയായിരുന്നു. ആളൊഴിഞ്ഞ പോസ്റ്റില്‍ താരം പന്തടിച്ചു കയറ്റി.