ആലപ്പുഴ: മദ്യവും മരുന്നും വാങ്ങുന്നതിനു വേണ്ടി ഏറ്റവും കൂടുതല്‍ പണം ചെലവാക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു . സംസ്ഥാന ലഹരിവര്‍ജന മിഷന്റെ (വിമുക്തി) ‘നാളത്തെ കേരളം ലഹരിമുക്ത നവകേരളം’ 90 ദിന തീവ്രയത്ന ബോധവത്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഷം ശരാശരി 10,000 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിക്കുന്നത് . അത്രയും തുകതന്നെ മരുന്നുവാങ്ങാനും സര്‍ക്കാര്‍ ഇവിടെ ചെലവാക്കുന്നുണ്ട് . കേരളം നേരിടുന്ന ഒരു വലിയ വെല്ലുവിളിയാണ്‌ ഇതെന്നും മന്ത്രി വ്യക്തമാക്കി .

മദ്യപിക്കുന്ന വിദ്യാര്‍ഥികളുടെയും സ്ത്രീകളുടെയും എണ്ണം അനുദിനം വര്‍ധിച്ചുവരികയാണ് . മയക്കുമരുന്നിന്റെ നീരാളിപ്പിടിത്തം ഗ്രാമീണജീവിതത്തിലേക്കും എത്തി. മയക്കുമരുന്ന് മാഫിയ നാടിന്റെ സാമൂഹിക, രാഷ്ട്രീയ രംഗങ്ങളില്‍ വലിയ സ്വാധീനമാണ് ചെലുത്തുന്നതെന്നും മന്ത്രി പി.തിലോത്തമന്‍ കൂട്ടിച്ചേര്‍ത്തു .