ന്യൂ ഡല്‍ഹി : ശബരിമലയിലെ സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ ഉത്തരവ് വ്യക്തതയില്ലാത്തതാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്തായാലും വിശാല ബെഞ്ചിന്റെ അന്തിമ തീര്‍പ്പ് വരുന്നത് വരെ കാതിരിക്കാനാണ് പോളിറ്റ് ബ്യുറോയിലെ ഭൂരിപക്ഷ തീരുമാനം.

ഉത്തരവിന് പിന്നാലെ സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ട്. കോടതി പറയുന്നത് അനുസരിക്കുക എന്നത് മാത്രമാണ് സര്‍ക്കാരിന്റെ ദൗത്യമെന്നും യെച്ചൂരി പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാട് തന്നെയാകണം പാര്‍ട്ടി നയമെന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന പോളിറ്റ് ബ്യൂറോയില്‍ തീരുമാനമായി.

യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയില്‍ പോളിറ്റ് ബ്യൂറോ അതൃപ്തി രേഖപ്പെടുത്തി. ആക്ടിവിസ്റ്റുകള്‍ക്ക് ആക്ടിവിസം കാണിക്കാനുള്ള സ്ഥലമല്ല ശബരിമല എന്നാണ് മന്ത്രി പറഞ്ഞത്. കടകംപള്ളിയുടെ പ്രസ്താവന തള്ളിയ പോളിറ്റ് ബ്യൂറോ മന്ത്രിയുടെ പ്രസ്താവന അനാവശ്യമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. കമ്യുണിസ്റ്റ് പാര്‍ട്ടി തന്നെ ആക്ടിവിസ്റ്റുകളുടേതാണ്.