ശബരിമല: മണ്ഡല മാസ തീര്‍ത്ഥാടനം തുടങ്ങി ആദ്യദിനം തന്നെ ശബരിമലയില്‍ എത്തിയത് അര ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍. വൃശ്ചികം ഒന്നിന് അയ്യപ്പദര്‍ശനത്തിന് എത്തിയത് അരലക്ഷത്തിലധികം തീര്‍ത്ഥാടകരെന്നാണ് കണക്ക്. നിയന്ത്രണങ്ങള്‍ ഒഴിവാക്കിയത് തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായി. കഴിഞ്ഞ വര്‍ഷം മുപ്പത്തയ്യായിരം തീര്‍ത്ഥാടകര്‍ ആയിരുന്നു ആദ്യ ദിനമെത്തിയത്. എന്നാല്‍ ഇത്തവണ സന്നിധാനത്ത് മുന്‍ വര്‍ഷം ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയത് ആശങ്കയില്ലാതെ തീര്‍ത്ഥാടകര്‍ എത്താന്‍ വഴിയൊരുക്കി. നടവരവില്‍ ഗണ്യമായ വര്‍ധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോര്‍ഡ്.

അതേസമയം, നടപന്തലില്‍ വിശ്രമിക്കാനും വിരിവെക്കാനും സൗകര്യമുണ്ട്. എന്നാല്‍ മാളികപ്പുറം ബില്‍ഡിംഗ് പൊളിച്ച്‌ മാറ്റി തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാന്‍ സൗകര്യം ഒരുക്കാനുള്ള ഹൈക്കോടതി നിര്‍ദേശം ഇനിയും പാലിക്കപ്പെട്ടിട്ടില്ല. പാണ്ടി താവളത്തെ ദര്‍ശന്‍’ കോംപ്‌ളക്‌സിലേക്കുള്‍പ്പെടെയുള്ള റോഡ് നവീകരണം പൂര്‍ത്തിയായിട്ടില്ല.

ശൗചാലങ്ങളും കുടിവെള്ള സൗകര്യങ്ങളും വര്‍ധിപ്പിക്കണമെന്നാണ് തീര്‍ത്ഥാടകരുടെ ആവശ്യം. അന്നദാന മണ്ഡപത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികളും ഇഴഞ്ഞു നീങ്ങുകയാണ്. തീര്‍ത്ഥാടകര്‍ കൂടിയതിന് ആനുപാതികമായി നടവരവിലും, അപ്പം അരവണ വില്‍പ്പനയിലും വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ച കണക്കുകള്‍ ഇന്ന് ദേവസ്വം ബോര്‍ഡ് പുറത്ത് വിടും.