ന്യൂഡല്‍ഹി: ഇന്ത്യയുടെ 47ാമത്തെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 9.30ന് രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചീഫ് ജസ്റ്റിസ് പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കിയ രഞ്ജന്‍ ഗൊഗോയിയുടെ പിന്‍ഗാമിയായാണ് ബോബ്ഡെ ചുമതലയേല്‍ക്കുന്നത്.
1956 ഏപ്രില്‍ 24ന് നാഗ്പുരില്‍ ജനിച്ച ബോബ്ഡെ നാഗ്പുര്‍ സര്‍വകലാശാലയില്‍നിന്ന് നിയമബിരുദം നേടിയശേഷം 1978ല്‍ അഭിഭാഷകനായി. 1998ല്‍ മുതിര്‍ന്ന അഭിഭാഷക പദവി ലഭിച്ചു. 2000ത്തില്‍ ബോംബെ ഹൈകോടതിയില്‍ ആദ്യമായി ജഡ്ജിയായി.
2012ല്‍ മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസായ ബോബ്ഡെ 2013 ഏപ്രില്‍ 12നാണ് സുപ്രീംകോടതി ജഡ്ജിയാകുന്നത്. ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതി അന്വേഷിച്ച് അദ്ദേഹത്തിന് ക്ലീന്‍ചിറ്റ് നല്‍കിയത് ബോബ്ഡെ അധ്യക്ഷനായ സുപ്രീംകോടതിയുടെ ആഭ്യന്തര സമിതിയായിരുന്നു. ബാബരി ഭൂമി കേസില്‍ ചീഫ് ജസ്റ്റിസിെന്റ അഞ്ചംഗ ബെഞ്ചിലുമുണ്ടായിരുന്നു.