തിരുവനന്തപുരം : വാളയാറിലെ രണ്ട് പെണ്‍കുട്ടികള്‍ മരണപ്പെട്ട കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കിയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കേസ് നടത്തിപ്പില്‍ വീഴ്ച വരുത്തിയതിനാലാണ് പ്രോസിക്യൂട്ടറെ പുറത്താക്കിയത്. പുറത്താക്കിക്കൊണ്ടുള്ള ഉത്തരവില്‍ ഒപ്പുവെച്ചെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി മരിച്ച കേസില്‍ അന്വേഷണത്തിലും കേസ് നടത്തിപ്പിലും വീഴ്ച വരുത്തിയ എല്ലാവര്‍ക്കുമെതിരെ കര്‍ശനമായ നടപടി ഉണ്ടാകുമെന്ന് അദ്ദേഹം സഭയില്‍ വ്യക്തമാക്കി. കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസ് നടത്താനായി പ്രഗത്ഭരായ അഭിഭാഷകരെ നിയമിക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ ഉറപ്പ് നല്‍കി.