വത്തിക്കാന്‍ സിറ്റി: ആർച്ച് ബിഷപ്പ് ഗബ്രിയേൽ കസിയയെ ഐക്യരാഷ്ട്രസഭയിലെ വത്തിക്കാൻ അംബാസഡറായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ആർച്ച് ബിഷപ്പ് ബർണാർദിത്തോ ഓസയുടെ പിൻഗാമിയായാണ് ഗബ്രിയേൽ കസിയയുടെ നിയമനം. ടാൻസാനിയ, ലെബനൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലും വത്തിക്കാൻ സെക്രട്ടറിയേറ്റിലും നിയുക്ത വത്തിക്കാന്‍ പ്രതിനിധി ചുമതലകൾ വഹിച്ചിട്ടുണ്ട്. 2017 മുതൽ ഫിലിപ്പീൻസിലെ വത്തിക്കാന്‍ അംബാസഡറായി സേവനം ചെയ്തു വരികയായിരുന്നു അദ്ദേഹം.

കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളുടെ പ്രകാശം അന്താരാഷ്ട്ര ചർച്ചാവേദികളിലേക്ക് കൊണ്ടുവന്ന് മാർപാപ്പ തന്നെ ഏൽപ്പിച്ചിരിക്കുന്ന ദൗത്യം പൂർത്തിയാക്കാമെന്ന് പ്രതീക്ഷിക്കുന്നതായി ഗബ്രിയേൽ കസിയ പ്രതികരിച്ചു. മിലാൻ അതിരൂപതാംഗമായ കസിയ വത്തിക്കാനിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിലാണ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. 2009ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പ അദ്ദേഹത്തെ ബിഷപ്പായി നിയമിച്ചു. 2020 ജനുവരി പതിനാറാം തീയതി ഐക്യരാഷ്ട്രസഭയിലെ നിരീക്ഷകനായി അദ്ദേഹം സ്ഥാനമെറ്റെടുക്കും. അതേസമയം നിലവില്‍ ഐക്യരാഷ്ട്ര സഭയുടെ നിരീക്ഷകനായി പ്രവര്‍ത്തിച്ചു വരികയായിരിന്ന ആർച്ച് ബിഷപ്പ് ബർണാർദിത്തോ സ്പെയിനിന്റെ വത്തിക്കാന്‍ അംബാസിഡറായി പ്രവര്‍ത്തിക്കും.