സാന്‍ഫ്രാന്‍സിസ്‌കോ: ഇന്‍സ്റ്റാഗ്രാം മാതൃകയില്‍ ഫെയ്‌സ്ബുക്കിലും ഫോട്ടോകള്‍ മാത്രം കാണാന്‍ കഴിയുന്ന സംവിധാനം ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ഒരു നിമിഷമെങ്കിലും ആലോചിക്കാത്തവര്‍ ആരുമുണ്ടാകില്ല. എന്നാല്‍ ഇത് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. ഫെയ്‌സ്ബുക്കിന്റെ മൊബൈല്‍ ആപ്പില്‍ ഫോട്ടോ മാത്രം കാണാന്‍ കഴിയുന്ന സംവിധാനം പരീക്ഷണഘട്ടത്തിലാണ്.

ഇന്‍സ്റ്റാഗ്രാമിലെ പോലെ ചിത്രങ്ങള്‍ മാത്രം കാണാന്‍ സാധിക്കുന്ന സംവിധാനം ഒരുക്കാനാണ് ഫെയ്‌സ്ബുക്ക്് തയ്യാറെടുക്കുന്നത്. അതിനായി ഫെയ്‌സുബുക്കില്‍ പ്രത്യേക സംവിധാനം ഒരുക്കുന്നതിന്റെ സാധ്യതയാണ് ഫെയ്‌സ്ബുക്ക് തേടുന്നത്. പോപ്പുലര്‍ ഫോട്ടോസ് എന്ന പേരില്‍ ഈ ഫീച്ചര്‍ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

സുഹൃത്തുക്കളുടെ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ സ്‌ക്രോള്‍ ചെയ്ത് കാണാന്‍ സാധിക്കുന്നവിധം ക്രമീകരിക്കാനാണ് പദ്ധതിയിടുന്നത്. ന്യൂസ് ഫീഡില്‍ നിന്ന് കാണാന്‍ കഴിയുന്ന വിധമാണ് ഇത് ക്രമീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങള്‍ കാണുമ്ബോള്‍ ലഭിക്കുന്ന ഒരു പ്രതീതി ജനിപ്പിക്കുകയാണ് ലക്ഷ്യം.