മുംബൈ: പാര്‍ലമെന്റിന്റെ ഇരുസഭകളിലും ശിവസേനാ എംപിമാര്‍ക്ക് പ്രതിപക്ഷനിരയില്‍ ഇരിപ്പിടം നല്‍കുമെന്ന് വ്യക്തമാക്കി പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി. ശിവസേനയുടെ ഏക കേന്ദ്രമന്ത്രി രാജി വയ്ക്കുകയും കോണ്‍ഗ്രസും എന്‍സിപിയുമായുള്ള സഖ്യ രൂപീകരണത്തിന് ശിവസേന തീവ്രശ്രമം നടത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് പ്രഹ്ലാദ് ജോഷി വ്യക്തമാക്കി.

അതേസമയം രാജ്യസഭയില്‍ ഇനി പ്രതിപക്ഷത്തിനൊപ്പം ഇരിക്കുമെന്ന് ശിവസേനാ വക്താവ് സഞ്ജയ് റാവത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ചയാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായി നടക്കുന്ന എന്‍ഡിഎ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് ശിവസേന വ്യക്തമാക്കിയതിന് പിന്നാലെയാണ് നടപടി.

മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ബിജെപി തയ്യാറാകുന്നില്ല എന്ന ആരോപിച്ച്‌ ശിവസേനയുടെ ഏക കേന്ദ്രമന്ത്രിയായ അരവിന്ദ് സാവന്ത് രാജി സമര്‍പ്പിച്ചിരുന്നു. ക്ഷണം ലഭിക്കാത്തതിനാലാണ് എന്‍ഡിഎ യോഗത്തില്‍ നിന്നും വിട്ടുനിക്കുന്നതെന്ന് സേനാ എംപി വിനായക് റൗട്ട് വ്യക്തമാക്കി. ഞങ്ങള്‍ ഇപ്പോഴും എന്‍ഡിഎയുടെ ഭാഗമാണോയെന്നത് ബിജെപിയുടെ തീരുമാനമാണ്. ശിവസേന എന്‍ഡിഎ വിട്ടുവെന്ന തരത്തില്‍ ഉദ്ധവ് താക്കറെയുടെ ഭാഗത്ത് നിന്നും പ്രസ്താവനകള്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് മഹാരാഷ്ട്രയില്‍ സഖ്യകക്ഷിയായ ബിജെപിയും ശിവസേനയും ഉടക്കിയത്. ആര്‍ക്കും സര്‍ക്കാര്‍ രൂപീകരണത്തിന് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതെ വന്നതോടെ നിലവില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.