കൊച്ചി: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ നിന്ന് മലക്കംമറിഞ്ഞു എന്ന തരത്തില്‍ വ്യാപകമായ പ്രചാരണം നടക്കുന്നതിനിടെ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് കായംകുളത്തെ സിപിഎം എംഎല്‍എ ആയ പ്രതിഭാ ഹരി.
അന്നും ഇന്നും എന്നും പറയുന്നു നവോത്ഥാനം എന്നാല്‍ സ്ത്രീകളെ മല കയറ്റുന്നതല്ലെന്ന് പ്രതിഭാ ഹരി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘എന്നാല്‍ പുരോഗമന സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നേരെ നടന്ന ആക്ഷേപങ്ങളെ ചെറുക്കാന്‍ പഴയ ഇരുണ്ട കാലത്തേക്ക് നടക്കേണ്ടവരല്ല സ്ത്രീകള്‍ എന്ന് പറയാന്‍ ഞങ്ങള്‍ വനിതാ മതില്‍ തീര്‍ത്തു. ഈ നാടിനെ വിശ്വാസങ്ങളുടെ തീയില്‍ വെന്തു വെണ്ണീറാക്കാന്‍ ആഗ്രഹിച്ചവര്‍ക്ക് എന്റെ പാര്‍ട്ടി കൊടുത്ത വ്യക്തമായ മറുപടി ആയിരുന്നു വനിതാ മതില്‍. ഇതിനെതിരെ വ്യാപകമായ കളളപ്രചാരണങ്ങള്‍ അഴിച്ചുവിട്ടു. എന്തിനാണ് നമ്മുടെ നാട് കത്തിക്കാന്‍ കൂട്ട് നില്‍ക്കുന്നത്’- പ്രതിഭാ ഹരി കുറിച്ചു
കുറിപ്പിന്റെ പൂര്‍ണരൂപം
കുറച്ച് കൂടെ ക്ഷമിച്ചു കൂടെ മാധ്യമങ്ങളെ .. അന്നും ഇന്നും എന്നും പറയുന്നു നവോത്ഥാനം എന്നാല്‍ സ്ത്രീകളെ മല കയറ്റുന്നതല്ല.. എന്നാല്‍ പുരോഗമന സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നേരെ നടന്ന ആക്ഷേപങ്ങളെ ചെറുക്കാന്‍ പഴയ ഇരുണ്ട കാലത്തേക്ക് നടക്കേണ്ടവരല്ല സ്ത്രീകള്‍ എന്ന് പറയാന്‍ ഞങ്ങള്‍ വനിതാ മതില്‍ തീര്‍ത്തു. ഈ നാടിനെ വിശ്വാസങ്ങളുടെ തീയില്‍ വെന്തു വെണ്ണീറാക്കാന്‍ ആഗ്രഹിച്ചവര്‍ക്ക് എന്റെ പാര്‍ട്ടി കൊടുത്ത വ്യക്തമായ മറുപടി ആയിരുന്നു വനിതാ മതില്‍. RSS കാരും പകല്‍ കോണ്‍ഗ്രസും രാത്രി RSS കാരും ആയി കഴിയുന്ന ചിലര്‍ CPIM ന് എതിരെ വനിതാ മതിലിനെതിരെ വ്യാപകമായ കള്ളപ്രചരണങ്ങള്‍ അഴിച്ചു വിട്ടു. ഒന്നും ഫലം കണ്ടില്ല. ഇപ്പോ സി പി ഐ എം ആണ് സ്‌റ്റേ വെച്ചത് എന്ന മട്ടില്‍ തുടങ്ങി പ്രചരണം..
ഇനി സുപ്രീം കോടതി വിധിയും കൊണ്ട് മല കയറാന്‍ ആരെങ്കിലും വന്നാല്‍ നിങ്ങള്‍ എന്തിനാണ് ക്യാമറയുമായി അവരുടെ പിന്നാലെ പോകുന്നത്. എന്തിനാണ് നമ്മുടെ നാട് കത്തിക്കാന്‍ കൂട്ട് നില്‍ക്കുന്നത്. ഭൂപരിഷ്‌ക്കരണം അട്ടിമറിക്കാന്‍ കൂട്ടുനിന്നവരൊക്കെ ഇന്ന് ഇന്ത്യയിലെ നമ്ബര്‍ 1 ഗവണ്‍മെന്റ് ആയ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റിനെ തകര്‍ക്കാന്‍ അണിയറയില്‍ നടത്തുന്ന നീക്കങ്ങള്‍ തലയില്‍ അല്പമെങ്കിലും ആള്‍ താമസമുള്ളവര്‍ക്ക് മനസ്സിലാകും.. ഞങ്ങള്‍ക്കറിയാം വരുന്ന ദിവസങ്ങളില്‍ നിങ്ങളൊക്കെ സജീവമാകും. കാരണം വിശ്വാസ സമൂഹമാകുന്ന അട്ടിന്‍ കുഞ്ഞുങ്ങളുടെ ചോര കുടിയ്ക്കാനായി കഴിഞ്ഞ വര്‍ഷം ആട്ടിന്‍ തോലുമിട്ട് ആട്ടിന്‍ കുഞ്ഞുങ്ങള്‍ക്കിടയിലേക്ക് വരാന്‍ ചെന്നായ്ക്കളെ നിങ്ങള്‍ അഴിച്ചു വെച്ച ആട്ടിന്‍ തോല്‍ കുപ്പായം പൊടി തട്ടിയെടുക്കുന്ന ദുര്‍ഗന്ധം അത് അറിയാന്‍ തുടങ്ങിയിട്ടുണ്ട..
ശബരിമല ധര്‍മ്മശാസ്താവേ . 10 വോട്ടിന് വേണ്ടി ഒരു നേരത്തെ വാര്‍ത്തക്കുവേണ്ടി ഈ നാട് നശിപ്പിക്കാന്‍ നോക്കുന്നവരെ അങ്ങ് തന്നെ ഒന്ന് ശ്രദ്ധിച്ചേക്കണേ