ആത്മീയപൗരോഹിത്യത്തിന്റെ കാവലാള്‍ എന്ന നിലയ്ക്കു മാത്രമല്ല രാമനാലില്‍ അച്ചന്റെ പ്രസക്തി. നാടിനും സഭയ്ക്കും ഒരു പോലെ മാതൃകയായ വൈദികനായ ആത്മീയാചാര്യനാണ് അദ്ദേഹം. തികച്ചും പൊതുകാര്യ പ്രസക്തന്‍. ആരോഗ്യ-വിദ്യാഭ്യാസ മേഖലയില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ ഒട്ടനവധിയാണ്. കര്‍മ്മപാതയില്‍ തന്റെ എണ്‍പതാം ജന്മദിനം ആഘോഷിക്കുന്ന രാമനാലില്‍ അച്ചന്‍ ആഴ്ചവട്ടത്തിന്റെ എക്കാലത്തെയും അഭ്യൂദയാകാംക്ഷിയാണ്. ആയിരം പൂര്‍ണ്ണ ചന്ദ്രോയത്തിനു സാക്ഷ്യം വഹിക്കുന്ന അദ്ദേഹത്തിന് ആഴ്ചവട്ടം കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ ജന്മദിന ആശംസകള്‍.
-ഡോ.ജോര്‍ജ്.എം.കാക്കനാട്ട്
ചീഫ് എഡിറ്റര്‍, ആഴ്ചവട്ടം ഓണ്‍ലൈന്‍
നമുക്കിടയില്‍ ഇങ്ങനെയും ഒരാള്‍
-ജിജു കെ. തോമസ്
രാമനാലില്‍ അച്ചനെക്കുറിച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് ശാലോം പത്രത്തില്‍ വന്ന ഒരു തലക്കെട്ടാണ് ‘നമുക്കിടയില്‍ ഇങ്ങനെയും ഒരാള്‍’ എന്നത്.
വൈദികപൗരോഹിത്യത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന ഈ ആദ്ധ്യാത്മിക ശ്രേഷ്ഠന്‍ തന്റെ എണ്‍പതാം ജന്മദിനത്തില്‍ എത്തിനില്‍ക്കുകയാണ് ഇപ്പോള്‍. മാതൃഭവനമായ കല്ലൂപ്പാറ കുറുന്തയില്‍ കരിക്കാട് ഭവനത്തില്‍ 1939 നവംബര്‍ 18 നാണ് ജനനം. പത്തനംതിട്ട ജില്ലയില്‍ അയിരൂര്‍ പകലോമറ്റം താഴമണ്‍ കുടുംബത്തിലെ വാഴക്കാല ശാഖയില്‍ രാമനാലില്‍ വര്‍ഗീസിന്റെയും അന്നമ്മയുടെയും രണ്ടാമത്തെ പുത്രനാണ് രാമനാലില്‍ അച്ചന്‍. ചെറിയാന്‍ എന്ന മാമോദീസ പേരുള്ള ബേബികുട്ടിയ്ക്ക് സഹോദരങ്ങളായി സാറാമ്മ, വര്‍ഗീസ് (തങ്കച്ചന്‍), തോമസ് (തോമക്കുട്ടി), തങ്കമ്മ എന്നിവരാണുള്ളത്. കല്ലൂപ്പാറ മാര്‍ത്തമറിയം വലിയ പള്ളിയിലായിരുന്നു മാമോദിസ നടന്നത്.
പ്രാഥമിക വിദ്യാഭ്യാസം വീടിനടുത്തുള്ള വെള്ളിയറ സി.എം.എസ് എല്‍.പി സ്‌കൂളിലും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം കുമ്പളന്താനം വലിയകുന്നം സെന്റ് മേരീസ് ഹൈസ്‌കൂളിലുമായി പൂര്‍ത്തിയാക്കി. താഴമണ്‍ കുടുംബം വകയായിട്ടുള്ള തടീത്ര സെന്റ് ബെഹനാന്‌സ് പള്ളി ആയിരുന്നു ഇടവക. തടീത്ര പള്ളിയില്‍ കുട്ടികളുടെ മതപഠനം അക്കാലത്തു കൃത്യമായിട്ടായിരുന്നില്ല നടന്നിരുന്നത്. അതോടെ, വല്യപ്പച്ചന്റെ താത്പര്യത്തില്‍ വെള്ളിയറ സെന്റ് കുര്യാക്കോസ് പള്ളിയില്‍ ബേബികുട്ടി മതപഠന ക്ലാസിലും വിശുദ്ധ കുര്‍ബാനയിലും പങ്കെടുത്തു തുടങ്ങി. കൊച്ചുമകളുടെ ആത്മീയ കാര്യങ്ങളില്‍ വളരെ തത്പരന്‍ ആയിരുന്നു വല്യപ്പച്ചന്‍ രാമനാലില്‍ ഗീവര്‍ഗീസിന്റെ ശിക്ഷണമാണ് ബേബികുട്ടിയെ ആത്മീയ കാര്യങ്ങളില്‍ തത്പരനാക്കിയത്.
1930 സെപ്റ്റംബര്‍ 20-ന് മോര്‍ ഈവാനിയോസ് തിരുമേനിയുടെ നേതൃത്വത്തില്‍ നടന്ന കത്തോലിക്കാ കൂട്ടായ്മ വീണ്ടെടുപ്പ് അയിരൂര്‍ പ്രദേശത്തും തരംഗം സൃഷ്ടിച്ചു. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഇടവക അയിരൂര്‍, കളമ്പാല, കുമ്പളന്താനം എന്നിവിടങ്ങളില്‍ രൂപപ്പെട്ടിരുന്നു. ഒപ്പം കുടുംബശാഖയില്‍ ഉള്‍പ്പെട്ട പല കുടുംബങ്ങളും മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഭാഗമായതും വല്യപ്പച്ചന്‍ രാമനാലില്‍ ഗീവര്‍ഗീസിനെ കത്തോലിക്കാ സഭയെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ പ്രേരിപ്പിച്ചു.
തേവര്‍വെലില്‍ ബഹുമാനപ്പെട്ട അലക്‌സിയോസ് കശീശ്ശായുടെ പുനരൈക്യവും ഗീവര്‍ഗീസിനെ സ്വാധീനിച്ചു. തിരുവല്ല അതിഭദ്രാസനത്തിലെ തമ്പി കശീശ്ശായുടെ പിതാവാണ് ബഹുമാനപ്പെട്ട അലക്‌സിയോസ് കശീശ്ശാ. തമ്പി അച്ചന്റെ അമ്മ രാമനാലില്‍ കുടുംബം ഉള്‍പ്പെടുന്ന, താഴമണ്‍ കുടുംബത്തിലെ വാഴക്കാല ശാഖയിലെ പേക്കാവുങ്കല്‍ കുടുംബത്തിലെ ആണ്. ഈ കുടുംബബന്ധം ബഹുമാനപ്പെട്ട അലക്‌സിയോസ് കശീശ്ശായുമായി കത്തോലിക്കാ സഭയെ കുറിച്ച് ചര്‍ച്ച ചെയ്യാനും പഠിക്കാനും ബേബികുട്ടിക്കു സാധിച്ചു.
1953 രാമനാലില്‍ കുടുംബം കത്തോലിക്കാ കൂട്ടായ്മയില്‍ ഉള്‍പ്പെട്ടു. ഗീവര്‍ഗീസിന്റെ ഫലമായി 1954-ല്‍ യൗസേപ് പിതാവിന്റെ നാമത്തില്‍ പ്ലാങ്കമണ്‍ പ്രദേശത്ത് ഒരു മലങ്കര സുറിയാനി കത്തോലിക്കാ പള്ളി സ്ഥാപിതമായി. അദേഹത്തിന്റെ വസ്തുവിന്റെ ഒരു ഭാഗമാണ് പള്ളി പണിയാനായി തിരുവല്ല ഭദ്രാസനത്തിന് നല്‍കിയത്. പുനരൈക്യപ്പെടുമ്പോള്‍ ബേബികുട്ടി എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി ആയിരുന്നു.
1932-ല്‍ സ്ഥാപിതമായ അയിരൂര്‍ മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയില്‍ വികാരിമാരായി ഉണ്ടായിരുന്ന ബഹുമാന്യ വഴുതലക്കാട്ട് ജേക്കബ് കശീശ്ശായുടെയും പണ്ടിപ്പള്ളില്‍ തോമസ് കശീശ്ശായുടെയും ജീവിതരീതി, കുടുംബത്തിന്റെ പുനരൈക്യത്തിന് മുന്‍പ് തന്നെ, ബേബികുട്ടിയില്‍ സ്വാധീനം ചെലുത്തിയിരുന്നു. ഈ കാലയളവില്‍ സെമിനാരി വിദ്യാര്‍ത്ഥി ആയിരുന്ന തേവര്‍വേലില്‍ ബഹുമാനപ്പെട്ട ജോണ്‍ ശെമ്മാശന്റെ (തമ്പി അച്ചന്റെ) മാതൃകയും ബേബികുട്ടിയില്‍ കത്തോലിക്കാ പൗരോഹത്യത്തെക്കുറിച്ച് മതിപ്പുളവാക്കി. അന്ന് പ്ലാങ്കമണ്‍ പള്ളിയില്‍ വികാരി ആയിരുന്ന ബഹുമാനപ്പെട്ട താന്നിക്കല്‍ ജയിംസ് കശീശ്ശായും ബേബികുട്ടിയെ വൈദീക ജീവിതത്തിലേക്ക് പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു.
1955 മെയ് മാസത്തില്‍ ബേബികുട്ടി തിരുവല്ല മൈനര്‍ സെമിനാരിയില്‍ വൈദീക പഠനത്തിനായി ചേര്‍ന്നു. സക്കറിയാസ് മോര്‍ അത്താനാസിയോസ് തിരുമേനി ആയിരുന്നു അന്ന് തിരുവല്ല ഭദ്രാസന മെത്രാപ്പോലീത്ത. സെമിനാരി റെക്ടര്‍ ഏറ്റുമാനൂര്‍കാരന്‍ ബഹുമാനപെട്ട ജോസഫ് കശീശ്ശായും.
സക്കറിയാസ് മോര്‍ അത്താനാസിയോസ് തിരുമേനിയും ഏറ്റുമാനൂര്‍കാരന്‍ കശീശ്ശായും മൂലമണ്ണില്‍ ബഹുമാനപെട്ട മല്‍പ്പാന്‍ തോമസ് കശീശോയും കൂടിയാണ് ബേബികുട്ടിയെ സെമിനാരിയില്‍ ചേരുന്നതിനു മുന്‍പായിട്ടുള്ള ഇന്റര്‍വ്യൂ ചെയ്യ്തത്. മൈനര്‍ സെമിനാരി പരിശീലനത്തിന് ശേഷം 1957-ല്‍ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിക്കാനായി ബേബികുട്ടിയെ (ചെറിയാന്‍) പൂന പേപ്പല്‍ സെമിനാരിയിലേക്കു അയച്ചു.
കശീശോ പട്ടം
1964 ഡിസംബര്‍ രണ്ടാം തീയതി ബോംബേ ദിവ്യ കാരുണ്യ കോണ്‍ഗ്രസിനോട് അനുബന്ധിച്ചു ബോംബെ കത്തീഡ്രലില്‍ വച്ച് സക്കറിയാസ് മോര്‍ അത്താനാസിയോസ് തിരുമേനിയുടെ സാന്നിധ്യത്തില്‍ ബെനഡിക്ട് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ തൃക്കൈയാല്‍ ചെറിയാന്‍, കശീശോ ആയി തിരുവല്ല ഭദ്രാസനത്തിന് വേണ്ടി പട്ടം സ്വീകരിച്ചു. ഡിസംബര്‍ മൂന്നാം തീയതി തന്നെ പ്രഥമ വിശുദ്ധ കുര്‍ബാനയും അര്‍പ്പിക്കപ്പെട്ടു.
ആദ്യ നിയമനം
യുവാവായ രാമനാലില്‍ അച്ചനെ അത്താനാസിയോസ് തിരുമേനി ആദ്യം നിയമിച്ചത്, തിരുവല്ല ഭദ്രാസനത്തിലെ ഏറ്റവും ദൂരെയുള്ള മിഷന്‍ മേഖലയായ തമിഴ്‌നാട്ടിലെ ഉപ്പട്ടി, ഗൂഡലൂര്‍ ഇടവകകളുടെ വികാരിയായിട്ട് ആയിരുന്നു. ആദ്യം, നിലമ്പൂരില്‍ ബഹുമാനപെട്ട മഠത്തിപ്പറമ്പില്‍ അച്ചനോടൊപ്പം താമസിച്ചു കൊണ്ടാണ് രാമനാലില്‍ അച്ചന്‍ ഉപ്പട്ടി, ഗൂഡല്ലൂര്‍ പ്രദേശത്ത് ശുശ്രുഷ നിര്‍വഹിച്ചത്. തുടര്‍ന്നു സുല്‍ത്താന്‍ ബത്തേരിയില്‍ കൂട്ടപ്ലാക്കല്‍ ഐസക് അച്ഛനോടൊപ്പവും (ഐസക് മോര്‍ യൂഹാനോന്‍ തിരുമേനി) വൈദികജീവിതം നയിച്ചു. ഇടവക ശുശ്രുഷകള്‍ കൂടുതല്‍ ഫലപ്രദം ആകുന്നതിന് ഇടവക ജനങ്ങളോടടുത്തുള്ള താമസം അനിവാര്യമാണെന്ന് മനസിലാക്കിയ രാമനാലില്‍ അച്ചന്‍ ഉപ്പട്ടി പള്ളിയോടു ചേര്‍ന്ന് നിര്‍മ്മിച്ച പുല്ലുമേഞ്ഞ കുടിലിലേക്ക് താമസം മാറ്റി.
ഗൂഡലൂരില്‍
കത്തോലിക്കാ പൗരോഹത്യം ജനങ്ങളുടെ സമഗ്ര വളര്‍ച്ച ലക്ഷ്യം വെക്കുന്നതാണെന്ന് ഉത്തമബോധ്യം ഉണ്ടായിരുന്ന രാമനാലില്‍ അച്ചന്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍, പ്രത്യേകിച്ച് കര്‍ഷക കുടിയിറക്കിനെതിരേ നിലപാട് സ്വീകരിച്ചു. കാലം 1970-71. തമിഴ്‌നാട്ടിലെ നീലഗിരിക്ക് സമീപമുള്ള ഗൂഡല്ലൂരിലെ നൂറുകണക്കിന് കര്‍ഷകകുടുംബങ്ങളെ അനാഥത്വത്തിന്റെ പെരുവഴിയിലേക്ക് ഇറക്കിവിടുന്ന കുടിയിറക്ക് ഭീഷണിയുമായി തമിഴ്‌നാട് സര്‍ക്കാര്‍ മുന്നോട്ടു വന്ന സമയമായിരുന്നു അത്. കാലാകാലങ്ങളോളം മണ്ണില്‍ പണിയെടുത്ത് അവിടെ പൊന്നുവിളയിച്ച കര്‍ഷകരാണ് കുടിയിറക്ക് ഭീഷണിയുടെ മുള്‍മുനയില്‍ നില്‍ക്കുന്നത്.
അനീതിക്കെതിരെ പടപൊരുത്തനുള്ള കവചമാണ് താന്‍ ധരിച്ചിരിക്കുന്ന വെള്ളക്കുപ്പായം എന്ന് ബോധ്യത്തോടെ രാമനാലില്‍ അച്ചന്‍ കര്‍ഷകര്‍ക്കൊപ്പം അണിചേര്‍ന്നു. കര്‍ഷകരെ സംഘടിപ്പിച്ചു. സംഘബോധത്തിന്റെ പാഠങ്ങള്‍ അവര്‍ക്ക് പറഞ്ഞു കൊടുത്തു. കുടിയിറക്കിനെതിരേ പടഹധ്വനി മുഴക്കി. ഒടുവില്‍ സര്‍ക്കാര്‍ മുട്ടുമടക്കി. നൂറുകണക്കിന് കര്‍ഷക കുടുംബങ്ങള്‍ക്ക് നാലര ഏക്കറോളം പട്ടയഭൂമി പതിച്ചുകിട്ടി. രാമനാലില്‍ അച്ചന്റെ ശ്രമം ശുഭപര്യവസാനം കൊണ്ടു. ഇതു മാത്രമല്ല വിദ്യാഭ്യാസ കാര്യങ്ങളിലും അച്ചന്റെ വലിയ പരിശ്രമങ്ങള്‍ക്ക് ഫലം കണ്ട കാലമായിരുന്നു അത്. ഉപ്പട്ടിയില്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭക്ക് അഭിമാനമായ ഭാരതമാതാ സ്‌കൂള്‍ അച്ചന്‍ ഉപ്പട്ടിയില്‍ ആയിരുന്നപ്പോള്‍ തിരുവല്ല ഭദ്രാസനത്തിന് വേണ്ടി വാങ്ങിയ സ്ഥാപനമാണ്.
നീലഗിരിയില്‍ നിന്ന് കുമളിയിലേക്ക്, കുമളിയില്‍ നിന്ന് സമതലത്തിലേക്ക്
നീലഗിരിയില്‍ നിന്ന് രാമനാലില്‍ അച്ഛന്‍ കുമളിയിലേക്കു സ്ഥലംമാറ്റം ലഭിച്ചു. കുമളിയിലെ കാലാവസ്ഥ അച്ഛന് പ്രയാസമായിരുന്നു. അതു മനസിലാക്കിയ മോര്‍ അത്താനാസിയോസ് തിരുമേനി രാമനാലില്‍ അച്ചനെ 1973-ല്‍ ചെങ്ങരൂര്‍ പള്ളിയില്‍ വികാരിയായി നിയമിച്ചു. സുല്‍ത്താന്‍ ബത്തേരിയില്‍ ഒപ്പമുണ്ടായിരുന്ന കൂട്ടപ്ലാക്കല്‍ ഐസക് അച്ചന്‍ ഐസക് മോര്‍ യൂഹാനോന്‍ തിരുവല്ല ഭദ്രാസന മെത്രാപോലിത്ത ആയി. തുടര്‍ന്നു നടത്തിയ ആദ്യ നിയമനത്തില്‍, 1980-ല്‍ അച്ചനെ ചെങ്ങരൂരില്‍ നിന്ന് കടമാന്‍കുളം, കല്ലൂപ്പാറ ഇടവകകളുടെ വികാരിയായി നിയമിച്ചു.
മല്ലപ്പള്ളിയുടെ പ്രഥമ പൗരന്‍
അഭിവന്ദ്യ ഐസക് മോര്‍ യൂഹാനോന്‍ മെത്രാപ്പോലീത്തയുടെ പൗരോഹത്യ രജതജൂബിലി സ്മാരകമായി തിരുവല്ല ഭദ്രാസനത്തില്‍ ഒരു സാങ്കേതിക പരിശീലനകേന്ദ്രം ആരംഭിക്കാന്‍ തീരുമാനം ഉണ്ടായി. അതിന്റെ പശ്ചാത്തലത്തിലാണ്, തിരുവല്ല ഭദ്രാസന മുന്‍ അധ്യക്ഷനായിരുന്ന ജോസഫ് മോര്‍ സേവേറിയോസ് തിരുമേനിയുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥനും, തൊഴിലാളി മധ്യസ്ഥനുമായ യൗസേപ്പ് പിതാവിന്റെ നാമത്തില്‍ തൊഴില്‍ പരിശീലനകേന്ദ്രമായി മല്ലപ്പള്ളിയില്‍ സെന്റ് ജോസഫ് ഐടിസി സ്ഥാപിക്കപ്പെട്ടത്.
രാമനാലില്‍ അച്ചന്‍ കടമാന്‍കുളം വികാരിയായിരിക്കുമ്പോഴാണ് 1981-ല്‍ മല്ലപ്പള്ളിയില്‍ ഐടിസി ആരംഭിക്കുന്നത്. ആ വര്‍ഷം തന്നെ മോര്‍ യൂഹാനോന്‍ തിരുമേനി മല്ലപ്പള്ളി മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയുടെ വികാരിയായി രാമനാലില്‍ അച്ചനെ നിയമിച്ചു.
ഐടിസിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും പിന്നിലെ പ്രേരകശക്തി രാമനാലില്‍ അച്ചന്‍ ആണ്. എഫേത്ത പ്രൊഡക്ഷന്‍ സെന്റര്‍, സെന്റ് ജോസഫ് കോളേജ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ സ്ഥാപനങ്ങളും അച്ചന്‍ ആരംഭിച്ചതാണ്. അച്ചനെന്നും ജനങ്ങളോടൊപ്പം ആയിരുന്നു. അവരുടെ സന്തോഷങ്ങളില്‍ പങ്കാളിയായി. സങ്കടങ്ങള്‍ ഏറ്റെടുത്തു. നീലഗിരിയില്‍ നിന്ന് ലഭിച്ച ആത്മവിശ്വാസം രാമനാലില്‍ അച്ചന് തുണയായി. തുടര്‍ന്നു മല്ലപ്പള്ളിയുടെ വികാരി അച്ചന്‍ എന്ന അറിയപ്പെടാവുന്ന പ്രവര്‍ത്തനമാണ് അവിടെ സംഭവിച്ചത്. മല്ലപ്പള്ളി പ്രദേശത്തിന്റെ സമഗ്രവികസനം ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനമായിരുന്നു തുടര്‍ന്നു കണ്ടത്.
മല്ലപ്പള്ളിയില്‍ രാമനാലില്‍ അച്ചന്റെ ശുശ്രുഷ കാലത്ത് മല്ലപ്പള്ളി പള്ളിയിലൂടെ നൂറിനു മേല്‍ കുടുംബങ്ങള്‍ കത്തോലിക്കാ കൂട്ടായ്മയില്‍ പ്രവേശിച്ചു. മല്ലപ്പള്ളിക്കൊപ്പം മാരിക്കല്‍, നുറോന്മാവ് ഇടവകകളിലും അച്ചന്‍ ശുശ്രുഷ നിര്‍വഹിച്ചിരുന്നു. മാരിക്കലില്‍ പള്ളി നവീന രീതിയില്‍ പുതുക്കി പണിയാന്‍ അച്ചന് സാധിച്ചു. മല്ലപ്പള്ളി മേഖല വികാരി ആയിരുന്നപ്പോള്‍ രണ്ട് പ്രാവശ്യം പുനരൈക്യ വാര്‍ഷികം നടത്താന്‍ സാധിച്ചത് അച്ചന്റെ ശുശ്രൂഷ പാടവത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്.
മല്ലപ്പള്ളി കാത്തലിക്ക് കരിസ്മാറ്റിക് കണ്‍വെന്‍ഷന്‍ ഈ മേഖലയിലെ കത്തോലിക്കാ ഇടവകളുടെ സുമുക്ത ആഭിമുഖ്യത്തില്‍ ആരംഭിച്ചത് അച്ചന്‍ ആണ്. ധാരാളം പ്രേഷിതരെ വളര്‍ത്തുവാന്‍ കരിസ്മാറ്റിക് കണ്‍വെന്‍ഷനിലൂടെ സാധിച്ചു. നെല്ലിമൂട് കേന്ദ്രമാക്കി മാനസിക വൈകല്യമുള്ളവരെ പരിചരിക്കുന്ന കരുണ്യഭവന്‍, ഈ കണ്‍വെന്‍ഷനുകളില്‍ നിന്ന് ചൈതന്യം ഉള്‍ക്കൊണ്ടു ആത്മായരുടെ നേതൃത്വത്തില്‍ നടക്കുന്നു. രാമനാലില്‍ അച്ചന്‍ ആണ് തുടക്കം മുതല്‍ ഇതിന്റെ ആത്മീയ ഉപദേഷ്ടാവ്. 150 രോഗികളെ ഒരേ സമയം ശുശ്രൂഷിക്കാന്‍ സാധിക്കുന്ന ഈ ഭവനത്തില്‍ നിന്ന് 350-ന് മേല്‍ വ്യക്തികള്‍ സുഖം പ്രാപിച്ചു സാധാരണ ജീവിതത്തിലേക്ക് മടങ്ങി.
അച്ഛന്‍ ബന്ദിനെതിരെ
ബന്ദിനെതിരെ, ഒരു ബന്ദ് ദിവസം മല്ലപ്പള്ളി ടൗണില്‍ അച്ചന്‍ നടത്തിയ നിരാഹാരസമരം ഏറെ ജനശ്രദ്ധയാകര്‍ഷിച്ചു. ബന്ദ് ദിവസം, സാധാരണ പോലെ മല്ലപ്പള്ളിക്ക് ചുറ്റുമുള്ള പ്രദേശങ്ങള്‍ വിജനമായപ്പോള്‍ അച്ചന്റെ നിരാഹാരത്തിന് പിന്തുണയുമായി സാധാരണ ജനങ്ങള്‍ മല്ലപ്പള്ളിയിലേക്ക് വന്നു ചേര്‍ന്നു. പത്രമാധ്യമങ്ങള്‍ പിറ്റേ ദിവസം വളരെ പ്രാധാന്യത്തോടെ ഈ വാര്‍ത്ത ജനങ്ങളില്‍ എത്തിച്ചു. ബന്ദ് ഒരു ഉപദ്രവമായിരുന്നു. പെട്ടെന്ന് പ്രഖ്യാപിക്കുന്ന ബന്ദ് വളരെയേറെ ആളുകള്‍ക്ക് പ്രയാസങ്ങള്‍ ഉണ്ടാക്കിയിരുന്നു. ബന്ദിനെതിരെ അച്ചന്‍ നിലപാട് എടുക്കാന്‍ കാരണം ജനങ്ങളെ ബന്ധിതര്‍ ആക്കാന്‍ ആര്‍ക്കും അവകാശം ഇല്ല എന്ന് പറഞ്ഞു കൊണ്ട് ആയിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഹൈക്കോടതി ബന്ദ് നിരോധിച്ചപ്പോള്‍ അച്ചന്‍ മല്ലപ്പള്ളി ടൗണില്‍ മധുരം വിതരണം ചെയ്യുക ഉണ്ടായി.
1981 മുതല്‍ ഇന്നുവരെ മല്ലപ്പള്ളി പ്രദേശത്ത് രാമനാലില്‍ അച്ചന്റെ സാന്നിധ്യം ഇല്ലാത്ത ഒരു പൊതുപരിപാടി നടന്നിട്ടില്ലെന്നത് അച്ചന്‍ മല്ലപ്പള്ളി പ്രദേശക്കാര്‍ക്ക് എത്ര സ്വീകാര്യനാണ് എന്ന് വ്യക്തമാക്കുന്നു. 1981 മുതല്‍ 2004 വരെ മല്ലപ്പള്ളി കേന്ദ്രമാക്കി അച്ചന്‍ നിര്‍വഹിച്ച ശുശ്രുഷകള്‍ അദേഹത്തെ മല്ലപ്പള്ളിയുടെ പ്രഥമ പൗരനാക്കി ഉയര്‍ത്തി.
അച്ഛന്‍ തിരുവല്ലയില്‍
2004-ല്‍ ഐസക് മോര്‍ ക്ലീമീസ് മെത്രാപോലിത്ത തിരുമേനി (മോറാന്‍ മോര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ തിരുമേനി) തിരുവല്ല ഭദ്രാസനത്തിന്റെ അധ്യക്ഷനായി നിയമിതനായി. ബഹുമാനപെട്ട രാമനാലില്‍ അച്ചന്റെ സേവനം ഭദ്രാസന കേന്ദ്രത്തില്‍ ആവശ്യമാണെന്നു മനസിലാക്കിയ തിരുമേനി, സെന്റ് ജോണ്‍സ് ഭദ്രാസന പള്ളിയുടെ വികാരിയായും മേഖല വികാരിയായും നിയമിച്ചു. അച്ചന്റെ ഭദ്രാസന പളളിയിലെ ശുശ്രുഷ സമയത്താണ് ഇപ്പോള്‍ കാണുന്ന ഈ പള്ളിയുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതും കൂദാശ നിര്‍വഹിക്കപെടുന്നതും ആ വര്‍ഷത്തെ പുനരൈക്യ വാര്‍ഷിക ആഘോഷം ഇവിടെ നടത്തപെടുന്നതും.
വികാരി ജനറാള്‍ കോര്‍എപ്പിസ്‌കോപ്പോ സ്ഥാനങ്ങള്‍
രാമനാലില്‍ അച്ചന്റെ ശുശ്രൂഷ ചൈതന്യം തിരുവല്ല ഭദ്രാസനത്തിന് മുഴുവനായി ലഭിക്കാനായി ഐസക് മോര്‍ കഌമിസ് തിരുമേനി 2006 ഫെബ്രുവരി 11-ന് അച്ചനെ ഭദ്രസനത്തിലെ മുഖ്യ വികാരി ജനറാള്‍ ആയി നിയമിച്ചു. 2010 ഏപ്രില്‍ 30 വരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. മലങ്കര സുറിയാനി കത്തോലിക്കാ സഭ, പരിശുദ്ധ സൂനഹദോസിന്റെ അംഗീകാരത്തോടെ 2007 ജനുവരി പതിമൂന്നാം തീയതി അച്ചന് കോര്‍എപ്പിസ്‌കോപ്പോ സ്ഥാനം നല്‍കി.
തിരുവല്ല അതിഭദ്രാസന അഡ്മിനിസ്‌ട്രേറ്റര്‍
2007 മാര്‍ച്ച് അഞ്ചാം തീയതി തിരുവല്ല അതിഭദ്രാസന അധ്യക്ഷന്‍ ആയിരുന്ന ഐസക് മോര്‍ കഌമിസ് മെത്രാപ്പോലീത്ത തിരുമേനി മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കാതോലിക്കാ ബാവയായി ചുമതലയേറ്റു. മോറാന്‍ മോര്‍ ബസേലിയോസ് കഌമിസ് കാതോലിക്കാ ബാവ തിരുമേനി അന്നുതന്നെ രാമനാലില്‍ കോര്‍ എപ്പിസ്‌കോപ്പോ അച്ചനെ തിരുവല്ല അതിഭദ്രാസന അഡ്മിനിസ്‌ട്രേറ്റര്‍ ആയി നിയമിച്ചു. 2007 മെയ് രണ്ടാം തിയതി മുവാറ്റുപുഴ ഭദ്രാസന അധ്യക്ഷന്‍ ആയിരുന്ന തോമസ് മോര്‍ കൂറിലോസ് തിരുമേനി തിരുവല്ല അതിഭദ്രാസനത്തിന്റെ അധ്യക്ഷന്‍ ആയി ചുമതല ഏല്‍ക്കുന്നത് വരെ പ്രസ്തുത ചുമതല രാമനാലില്‍ കോര്‍ എപ്പിസ്‌കോപ്പോ അച്ചന്‍ ആണ് നിര്‍വഹിച്ചു വന്നത്. 2010 ഏപ്രില്‍ 30 വരെ തിരുവല്ല അതിഭദ്രാസനത്തിന്റെ മുഖ്യ വികാരി ജനറാള്‍ സ്ഥാനത്ത് രാമനാലില്‍ കോര്‍ എപ്പിസ്‌കോപ്പോയായി അച്ചന്‍ തുടര്‍ന്നു.
വെണ്ണികുളത്തേക്ക്
മോര്‍ ഇവാനിയോസ് തിരുമേനി 1930 ഓഗസ്‌റ് 20 ന് പത്തനംതിട്ട, പെരുനാട്, മുണ്ടന്‍മല വിട്ട് ഇറങ്ങിവന്ന് താമസിച്ച പ്രദേശത്തേക്ക് 2010 മെയ് 2ന് മോര്‍ തോമശ്ലീഹയുടെ നാമത്തില്‍ സ്ഥാപിതമായ വെണ്ണിക്കുളം പള്ളിയുടെ വികാരിയായി കോര്‍ എപ്പിസ്‌കോപ്പോ അച്ചന്‍ ചുമതലയേറ്റു. ദൈവദാസന്‍ മോര്‍ ഈവാനിയോസ് തിരുമേനിക്ക് അഭയം നല്‍കിയ വെണ്ണിക്കുളം പ്രദേശത്തെ പള്ളി. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന പള്ളി. 2013 മെയ് നാലാം തീയതി വെണ്ണിക്കുളത്തുനിന്ന് കോട്ടയം അടുത്തുള്ള അഞ്ചേരിയിലേക്ക്.
അഞ്ചേരി ചെറിയ ഒരു ഇടവക ആണ്. അവിടെ ആചാര്യ ശുശ്രുഷ നിര്‍വഹിക്കുന്നു. താമസം മലങ്കര സുറിയാനി കത്തോലിക്കാ സഭക്ക് മാത്രമല്ല സുറിയാനി പൈതൃകം പിന്‍തുടരുന്ന സഭകള്‍ക്ക് എല്ലാം അഭിമാനമായ സ്ഥാപനമായ സെന്റ് എഫ്രേം എക്യൂമെനിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടായ സീരിയില്‍. കോട്ടയം ബേക്കര്‍ കുന്നില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി യുടെ അഫിലിയേഷന്‍ ഉള്ള സുറിയാനി പഠനകേന്ദ്രമാണ്. സുറിയാനിയില്‍ ഡോക്ടറേറ്റ് വരെ സമ്പാദിക്കാന്‍ സാധിക്കുന്ന പഠനകേന്ദ്രമാണിത്.
സീരിയില്‍ താമസിക്കുമ്പോള്‍ തന്നെ കോര്‍ എപ്പിസ്‌കോപ്പോ അച്ചന്‍, തന്റെ 74-ാം വയസിലും, സുറിയാനി ഭാഷ ആഴത്തില്‍ പഠിക്കാന്‍ സമയം കണ്ടെത്തി. 75-ാം വയസില്‍ അച്ചന്‍ വിശ്രമജീവിതത്തിലേക്ക് പ്രവേശിച്ചു. കത്തോലിക്കാ സഭയുടെ നിയമമനുസരിച്ച് 75-ാം വയസ്സില്‍ വൈദീകര്‍ വിശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കുന്നു. ആരോഗ്യമുള്ളവര്‍ തുടര്‍ന്നും ഇടവക ശുശ്രൂഷ തുടരാന്‍ മെത്രാപ്പോലീത്ത അനുവദിക്കും. വിശ്രമജീവിതത്തിലേക്ക് പ്രവേശിച്ച കോര്‍ എപ്പിസ്‌കോപ്പോ അച്ചന്‍ ഞായറാഴ്ച ദിവസം പുഷ്പഗിരി മെഡിക്കല്‍ കോളേജ് ചാപ്പലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു. താമസം കുറ്റൂര്‍, പള്ളിമലയില്‍.
അച്ചന്റെ ആദ്യ പ്രവര്‍ത്തന മേഖലയായിരുന്ന ഗൂഡലൂര്‍ പ്രദേശത്ത് ചില മാസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിന്റെ എണ്‍പതാം ജന്മദിനത്തോട് അനുബന്ധിച്ചു വിശുദ്ധ കുര്‍ബാനയും ആഘോഷവും ഉണ്ടായിരുന്നു. രണ്ട് മാസം മുന്‍പ് തിരുവല്ല പൗരാവലിയും ഗാന്ധി പീസ് ഫൗണ്ടേഷനും സംയുക്തമായി അച്ചന്റെ എണ്‍പതാം ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തെ ആദരിച്ചിരുന്നു. ഒക്ടോബര്‍ 26-ന് മല്ലപ്പള്ളി പൗരാവലിയും അദ്ദേഹത്തെ ആദരിച്ചു.
അച്ചനെക്കുറിച്ച് എഴുതാന്‍ ഇനി ധാരാളമുണ്ട്. വിദ്യാഭ്യാസം പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള അച്ചന്റെ പ്രവര്‍ത്തനം, പാവങ്ങളോടുള്ള അച്ചന്റെ കരുതല്‍, സഭൈക്യ മേഖലയില്‍ ഉള്ള അച്ചന്റെ സംഭാവന, മോര്‍ ഗ്രീഗോറിയോസ് ഫൗണ്ടേഷന്‍, യുവജനങ്ങളോടുള്ള കരുതല്‍, ലാളിത്യം, ഗാന്ധിയന്‍ ആയ രാമനാലില്‍ അച്ചന്‍ എന്നിവയൊക്കെയാണ് പൊതുസമൂഹത്തിന് രാമനാലില്‍ അച്ചന്‍.
കുടുംബങ്ങളെ സംബന്ധിച്ചു സഭയോട് ചേര്‍ത്തുനിര്‍ത്തുന്ന വലിയ പ്രേരകശക്തിയാണ് രാമനാലില്‍ അച്ചന്‍. കുടുംബത്തിലെ കൊച്ചു കുട്ടികളെ സംബന്ധിച്ചു മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ആരാധനാക്രമ പൈതൃകത്തോട് ചേര്‍ത്തുനിര്‍ത്തുന്ന ചൈതന്യമാണ് അച്ചന്‍. അവരുടെ ആഘോഷമായ വിശുദ്ധ കുര്‍ബാന സ്വീകരണ അവസരത്തില്‍ കുട്ടികള്‍ക്ക് അച്ചന്‍ നല്‍കുക സഭയുടെ പ്രാര്‍ത്ഥനാക്രമം ആണ്. അങ്ങനെ ഓരോരുത്തര്‍ക്കും രാമനാലില്‍ അച്ചന്‍ വ്യത്യസ്തനാണ്.