തിരുവനന്തപുരം: കേരള സര്‍വകലാശാല പരീക്ഷാ തട്ടിപ്പില്‍ കൂടുതല്‍ പരീക്ഷകളില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തി. 12 പരീക്ഷകളിലാണ് ക്രമക്കേട് നടന്നത്. കമ്ബ്യൂട്ടര്‍ സെന്റര്‍ നടത്തിയ പരിശോധനയിലാണ് കൃത്രിമം നടന്നതായി കണ്ടെത്തിയത്. ഒരു പരീക്ഷയുടെ മോഡറേഷന്‍ പലതവണ തിരുത്തി. ഇതുസംബന്ധിച്ച് സര്‍വകലാശാല നിയോഗിച്ച സമിതിയുടെ അന്വേഷണം നാളെ തുടങ്ങും.
കഴിഞ്ഞ ദിവസം സ്ഥലം മാറ്റപ്പെട്ട ഡെപ്യൂട്ടി രജിസ്ട്രാറുടെ യൂസര്‍ ഐഡി ഉപയോഗിച്ചു കൃത്രിമം നടന്നതായും കണ്ടെത്തിയിട്ടുണ്ട്. നിശ്ചയിച്ച മോഡറേഷനുകളേക്കാള്‍ കൂടുതല്‍ മാര്‍ക്ക് കൃത്രിമമായി രേഖപ്പെടുത്തിയാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ഒരേപരീക്ഷയില്‍ തന്നെ പലതവണ മാര്‍ക്ക് തിരുത്തിയതായും തെളിഞ്ഞു.2016 ജൂണ്‍ മുതല്‍ 2019 ജനുവരി വരെയുള്ള 16 ഡിഗ്രി പരീക്ഷകളിലെ മാര്‍ക്കുകളാണ് തിരുത്തിയത്. 16 പരീക്ഷകളിലായി 76 മാര്‍ക്ക് മോഡറേഷന്‍ നല്‍കാനാണ് സിന്‍ഡിക്കേറ്റ് തീരുമാനിച്ചിരുന്നത്. അത്രയും മാര്‍ക്ക് ലഭിച്ചിട്ടും തോറ്റവരുടെ പട്ടികയിലുണ്ടായിരുന്ന ചിലരെ ജയിപ്പിക്കാന്‍ വേണ്ടി മോഡറേഷന്‍ മാര്‍ക്ക് 132 ആയി പുതുക്കി നിശ്ചയിക്കുകയായിരുന്നു.
സര്‍വകലാശാലയുടെ സെര്‍വറില്‍ കയറി മോഡറേഷന്‍ മാര്‍ക്ക് തിരുത്തുകയായിരുന്നു. ഇതിനായി ഡെപ്യൂട്ടി രജിസ്ട്രാറുടെ പാസ്വേര്‍ഡാണ് തട്ടിപ്പുസംഘം ഉപയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേടിനെക്കുറിച്ച് സമഗ്ര അന്വേഷണത്തിന് വൈസ് ചാന്‍സലര്‍ ഉത്തരവിട്ടിരുന്നു. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കേരള സര്‍വകലാശാല രജിസ്ട്രാര്‍ പൊലീസ് മേധാവിക്ക് കത്ത് നല്‍കിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് നടപടി.