ചെന്നൈ: ഐഐടി മദ്രാസിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണവുമായി ബന്ധപെട്ടു അന്വേഷണം നടത്താനായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര്‍ സുബ്രഹ്മണ്യം ഇന്ന് ചെന്നൈയില്‍ എത്തും. കേന്ദ്ര ഇടപെടലിനെ തുടര്‍ന്നാണ് എത്തുന്നത്. ഐഐടിയിലേക്ക് പോകുന്ന അദ്ദേഹം ആരോപണവിധേയരായ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭന്‍ ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവരുടെ മൊഴി രേഖപ്പെടുത്തും. ഫാത്തിമയുടെ മരണത്തിനെ തുടര്‍ന്ന് എംഎ ഇന്‍റഗ്രേറ്റഡ് ബാച്ചിന് ഇപ്പോള്‍ അവധി നല്‍കിയിരിക്കുകയാണ്. സെമസ്റ്റര്‍ പരീക്ഷകള്‍ നീട്ടി വച്ചു. സഹപാഠികളില്‍ പലരും വീട്ടിലേക്ക് മടങ്ങിയെങ്കിലും ചെന്നൈയിലുള്ള വിദ്യാര്‍ഥികളില്‍ നിന്ന് വിവരം തേടും. ശേഷം വിശദമായ അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറും.

കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇന്ന് കൊല്ലത്ത് എത്തി വിശദമായ പരിശോധന നടത്തും. ഫാത്തിമയുടെ ലാപ്ടോപ്പ്, ടാബ് എന്നിവ അന്വേഷണ സംഘത്തിന് വീട്ടുകാര്‍ കൈമാറും. അമ്മയുടേയും സഹോദരിയുടേയും മൊഴി രേഖപ്പെടുത്തും. നിര്‍ണായക വിവരങ്ങള്‍ അടങ്ങുന്ന ഫാത്തിമയുടെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുന്നു. പരിശോധനാഫലം വന്നാലുടന്‍ നടപടിയെടുക്കാനാണ് തീരുമാനം. സുദര്‍ശന്‍ പത്മനാഭനോട് ക്യാമ്ബസ് വിട്ട് പോകരുതെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.