ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്ന ഡല്‍ഹിയില്‍ ഓക്സിജന്‍ വില്‍പ്പനയും ആരംഭിച്ചു. തെക്കന്‍ ഡല്‍ഹി സാകേതിലെ സെലക്‌ട് സിറ്റി മാളിലാണ് ഓക്സിജന്‍ ബാര്‍. 299 രൂപയാണ് കാല്‍മണിക്കൂര്‍ ശുദ്ധവായു ശ്വസിക്കാന്‍ ഈടാക്കുന്നത്. ഡല്‍ഹിയിലെ ബിസിനസുകാരന്‍ ആര്യവീര്‍ കുമാര്‍ തുടങ്ങിയതാണ് ഈ ഓക്സിജന്‍ ബാര്‍.

‘ഓക്സി പ്യുവര്‍’ എന്നുപേരുള്ള ബാര്‍ ഈ വര്‍ഷം മേയിലാണ് തുറന്നത്. വെവ്വേറെ നിരക്കുകളില്‍ വിവിധ സുഗന്ധങ്ങളിലുള്ള ഓക്‌സിജന്‍ ലഭിക്കും. ഇവിടെ ഇതുവരെ ശുദ്ധവായു സൗജന്യമായിരുന്നു. നാട് വായുമലിനീകരണത്തില്‍ വീര്‍പ്പുമുട്ടിയതോടെ വില ഈടാക്കിത്തുടങ്ങി.ദിവസം ചുരുങ്ങിയത് 20 പേരെങ്കിലും ശുദ്ധവായുതേടി എത്താറുണ്ടെന്ന് ജീവനക്കാരന്‍ അഭിലാഷ് പറഞ്ഞു.