ശബരിമല : മണ്ഡല- മകരവിളക്ക് തീര്‍ഥാടനത്തിന് തുടക്കംകുറിച്ച്‌ ശബരിമല ക്ഷേത്രനട തുറന്നു. ശനിയാഴ്‌ച വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്ബൂതിരി ശ്രീകോവില്‍ തുറന്ന് വിളക്കുതെളിച്ചു. തുടര്‍ന്ന് പതിനെട്ടാംപടിയ്ക്ക് മുന്നിലെ ആഴിത്തറയില്‍ തീ പകര്‍ന്നു. തീര്‍ഥാടകരുടെ വന്‍ തിരക്കായിരുന്നു. നടപ്പന്തല്‍ നിറഞ്ഞ് ക്യൂ നീണ്ടു. പുലര്‍ച്ചെ മുതല്‍ പമ്ബയില്‍ വിരിവച്ച്‌ കാത്തിരുന്നവരും ഏറെ.
പുതിയ മേല്‍ശാന്തി എ കെ സുധീര്‍ നമ്ബൂതിരിയെ അഭിഷേകം ചെയ്‌തശേഷം ശ്രീകോവിലിനുള്ളില്‍ പ്രവേശിപ്പിച്ച്‌ തന്ത്രി, മൂലമന്ത്രം പകര്‍ന്നുനല്‍കി.

മാളികപ്പുറം മേല്‍ശാന്തിയായി എം എസ് പരമേശ്വരന്‍ നമ്ബൂതിരിയെ അവരോധിക്കുന്ന ചടങ്ങ്‌ അദ്ദേഹത്തിന്റെ കുടുംബത്തിലെ ഒരാളുടെ മരണം മൂലം നടന്നില്ല. 23ന്‌ ഈ ചടങ്ങ്‌ നടക്കും. അതുവരെ മാളികപ്പുറം പരികര്‍മി ക്ഷേത്രനട തുറന്ന്‌ ദര്‍ശനത്തിന്‌ വഴിയൊരുക്കും.

ഡിസംബര്‍ 27 നാണ് മണ്ഡലപൂജ. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍ വാസു, ബോര്‍ഡ് അംഗങ്ങളായ അഡ്വ. എന്‍ വിജയകുമാര്‍, അഡ്വ. കെ എസ് രവി, ദേവസ്വം കമീഷണര്‍ എം ഹര്‍ഷന്‍ തുടങ്ങിയവര്‍ നടതുറക്കലിന് സന്നിധാനത്തെത്തി.