ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ചിലത് മാത്രമേ ചര്‍ച്ചയാകുന്നുള്ളൂവെന്ന് കേന്ദ്ര വിവരസാങ്കേതിക വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവദേക്കര്‍. മതപരമായ വിഷയങ്ങളില്‍ നടക്കുന്ന ആള്‍ക്കൂട്ട അക്രമങ്ങള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. എല്ലാതരം ആള്‍ക്കൂട്ട അക്രമങ്ങളും തുല്യപ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യണമെന്ന് ജാവദേക്കര്‍ പറഞ്ഞു.

വ്യാജ വാര്‍ത്തകളുടെ അടിസ്ഥാനത്തിലും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്ന് പ്രചരിപ്പിച്ചും ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, മതപരമായ ആക്രമണങ്ങളില്‍ മാത്രമാണ് വലിയ ചര്‍ച്ച നടക്കുന്നത്.

ആള്‍ക്കൂട്ട അക്രമങ്ങള്‍ ഏറ്റവും അപലപിക്കേണ്ട കുറ്റകൃത്യമാണെന്ന് ജാവദേക്കര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മനപൂര്‍വം ചിലത് മറക്കുന്നുണ്ട്. 1984ല്‍ സിഖുകാര്‍ കൂട്ടത്തോടെ ചുട്ടെരിക്കപ്പെട്ടിരുന്നു. മൂവായിരത്തോളം സിഖുകാര്‍ അന്ന് ആള്‍ക്കൂട്ടത്തിന് ഇരയായി.

ബി.ജെ.പി സര്‍ക്കാര്‍ ഭരണത്തിലേറിയ ശേഷമാണ് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വ്യാപകമായതെന്ന ആരോപണം ജാവദേക്കര്‍ നിഷേധിച്ചു. 2012ല്‍ 16ഉം 2013ല്‍ 14ഉം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.