ഇടുക്കി : സ്വത്ത് തട്ടിയെടുത്ത ശേഷം വൃദ്ധയായ അമ്മയെ മകള്‍ വീട്ടില്‍ നിന്നും പുറത്താക്കിയതായി പരാതി. ഈ മകള്‍ക്ക് അമ്മ സ്വത്ത് എഴുതിക്കൊടുത്തതാണെന്ന തെറ്റിദ്ധാരണയില്‍ മറ്റ് മക്കളും അഭയം നല്‍കാതായതോടെ പെരുവഴിയില്‍ ആയിരിക്കുകയാണ് ആറ് മക്കള്‍ക്ക് ജന്മം നല്കിയ മേരി എന്ന അമ്മ.
ഇടുക്കി ഇരട്ടയാള്‍ സ്വദേശിയാണ് മേരി. കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഭൂമിയും സ്വത്തുമെല്ലാം ആറ് മക്കള്‍ക്ക് തുല്യമായി വീതിച്ചു കൊടുത്തു. ബാക്കി 16 സെന്റ് ഭൂമിയും അതിലുള്ള വീടും മാത്രം തന്റെ പേരില്‍ വെച്ചു. മരണ ശേഷം അതും മക്കള്‍ക്ക് കൊടുക്കാനായിരുന്നു മേരിയുടെ തീരുമാനം. ഇതിനിടെ, പെണ്മക്കളില് മൂത്തവളായ സാലി പട്ടയത്തിന്റെ ആവശ്യത്തിനെന്ന് പറഞ്ഞ് വെള്ളപേപ്പറില്‍ മേരിയെക്കൊണ്ട് ഒപ്പിട്ടു വാങ്ങി. പിന്നീടാണ് സ്ഥലവും വീടും തട്ടിയെടുത്തതാണെന്ന് മനസിലായത്. ഇത് ചോദ്യം ചെയ്തതോടെ മേരിയെ വീട്ടില്‍ നിന്നും ഇറക്കി വിടുകയയായിരുന്നു.
മറ്റു മക്കള്‍ സമീപത്ത് ഉണ്ടെങ്കിലും മൂത്ത മകള്‍ക്ക് സ്വത്ത് എഴുതിക്കൊടുത്തതാണെന്ന തെറ്റിദ്ധാരണയില്‍ അവരും കയ്യൊഴിഞ്ഞു. നീതിക്കായി കളക്ടര്‍ക്കും പോലീസിനും പരാതി നല്‍കിയിരിക്കുകയാണ് മേരി.