ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബില്‍ ഗേറ്റ്‌സ് ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായി.

ആമോസോണ്‍ഡോട്ട്‌കോമിന്റെ ജെഫ് ബെസോസായിരുന്നു രണ്ടുവര്‍ഷം ഈ സ്ഥാനം നിലനിര്‍ത്തിയിരുന്നത്.

ഒക്ടോബര്‍ 25ന് പെന്റഗണിന്റെ 10 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ക്ലൗഡ്  കരാര്‍ ലഭിച്ചിരുന്നു. ഇതോടെ മൈക്രോസോഫ്റ്റിന്റെ ഓഹരി വില 4 ശതമാനം കുതിച്ചു. പെന്റഗണിന്റെ പ്രഖ്യാപനത്തോടെ ആമസോണിന്റെ ഓഹരി വിലയില്‍ രണ്ടുശതമാനം താഴ്ചയുണ്ടായി.

ബ്ലൂംബര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം ബില്‍ ഗേറ്റ്‌സിന്റെ സമ്പത്ത് ഇതോടെ 110 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ബെസോസിന്റെ സമ്പത്ത് 108.7 ബില്യണ്‍ ഡോളറാകുകയും ചെയ്തു.

നടപ്പ് വര്‍ഷം മൈക്രോസോഫ്റ്റിന്റെ ഓഹരി വിലയില്‍ 48 ശതമാനമാണ് വളര്‍ച്ചയുണ്ടായത്.

മെക്കന്‍സിയുമായി വിവാഹമോചനം നടന്നിട്ടില്ലായിരുന്നെങ്കില്‍ ബെസോസിന്റെ സമ്പത്ത് ഇതില്‍കൂടുതലുണ്ടാകുമായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് 49 കാരിയായ മെക്കന്‍സിയുമായി ബെസോസ് വിവാഹമോചനം നേടിയത്.

ഇവരുടെ കൈവശമുള്ള അമസോണ്‍ ഓഹരിയുടെ നാലിലൊന്ന് ഭാഗം മെക്കന്‍സിക്ക് നല്‍കിയതാണ് ബെസോസിന്റെ സമ്പത്തിനെ ബാധിച്ചത്.

എന്നാല്‍ ഗേറ്റ്‌സ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 35 ബില്യണ്‍ ഡോളറാണ് ബില്‍ ആന്റ് മെലിന്റ ഗേറ്റ്‌സ് ഫൗണ്ടേഷന് ഇതുവരെ കൈമാറിയത്.