സാന്റാക്ലാരിറ്റ (കാലിഫോര്‍ണിയ): കാലിഫോര്‍ണിയാ സൗഗസ് സ്‌ക്കൂളില്‍ വിദ്യാര്‍ത്ഥി തന്റെ പതിനാറാം ജന്മദിനത്തില്‍ സഹപാഠികള്‍ക്ക് നേരെ വെടിവച്ചു. തുടര്‍ന്ന് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും, മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നവംബര്‍ 14 വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. 45 കാലിബര്‍ സെമി അട്ടോമാറ്റിക് ഗണ്‍ ഉപയോഗിച്ചു ആറ് റൗണ്ടാണ് വിദ്യാര്‍ത്ഥി വെടിയുതിര്‍ത്തത്. 16ഉം 14ഉം വയസ്സുള്ള രണ്ട് വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. ആറാമത്തെ വെടിയുണ്ട സ്വന്തം തലക്ക് നേരെ പ്രയോഗിച്ച വിദ്യാര്‍ത്ഥിയേയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

വെടിവയ്പ് നടത്തിയ വിദ്യാര്‍ത്ഥി ശാന്തനും സൗമ്യ ശീലനും മിടുക്കനുമായിരുന്നുവെന്ന് സഹപാഠികളും അധ്യാപകരും പറയുന്നു. 16-ാം ജന്മദിനത്തില്‍ ഇങ്ങനെയൊരു ഭീകരകൃത്യത്തിന് എന്തായിരുന്ന പ്രേരണ എന്ന് വ്യക്തമല്ല. ‘നാളെ ഇവിടെ ചില തമാശകള്‍ നടക്കുമെന്ന്’ വിദ്യാര്‍ത്ഥി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. എന്നാല്‍ സംഭവത്തിന് ശേഷമാണ് ഇക്കാര്യം മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടത്.

യൂറോപ്യന്‍ ഹിസ്റ്ററിയും, ഊര്‍ജ്ജ തന്ത്രത്തിലും പ്രത്യേക പഠനം നടത്തിയിരുന്ന വിദ്യാര്‍ത്ഥിയുടെ പേര് വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. വീടും പരിസരവും അരിച്ചു പെറുക്കിയ പോലീസിന് വെടിവെപ്പിന് കുട്ടിയെ പ്രേരിപ്പിച്ചതെന്താണെന്ന് കണ്ടെത്താനായിട്ടില്ല. സാന്റാ ക്ലാരായിലെ ലീഫി സ്ട്രീറ്റില്‍ അമ്മയോടൊപ്പമാണ് പ്രതി കഴിഞ്ഞിരുന്നത്. രണ്ട് വര്‍ഷം മുമ്ബ് അച്ഛന്‍ മരിച്ചിരുന്നു. അച്ഛന്റെ മരണത്തിന് മുമ്ബ് അമ്മയുമായുണ്ടായ കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് അച്ഛനെ അറസ്റ്റ് ചെയ്തിരുന്നു.