കോട്ടയം: ഇന്നലെ മീനച്ചിലാറ്റില്‍ കാണാതായ മൂന്നാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹവും കണ്ടെത്തി. പുതുപ്പള്ളി ഐഎച്ചആര്‍ഡി ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥി അശ്വിന്‍ കെ. പ്രസാദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്നലെ അപകടത്തില്‍പെട്ട രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങളും കണ്ടെത്തിയിരുന്നു. വടവാതൂര്‍ കുന്നപ്പളളി കെ.കെ. പ്രസാദിന്റെ മകനാണ് അശ്വിന്‍ കെ. പ്രസാദ്. പുതുപ്പളളി ഐ.എച്ച്‌ ആര്‍.ഡി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു ബയോമാത്്‌സ് വിദ്യാര്‍ഥികളായ ചിങ്ങവനം കേളചന്ദ്രപ്പറമ്ബില്‍ കെ.സി. ചാക്കോയുടെ മകന്‍ കെ.സി. അലന്‍ (17) മീനടം വട്ടക്കുന്ന് കെ.സി. ജോയിയുടെ മകന്‍ ഷിബിന്‍ ജേക്കബ്(17) എന്നിവരാണു മരിച്ചത്.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടുമണിയോടെ കോട്ടയം പൂവത്തുംമൂട് പാലത്തിനുസമീപമുള്ള മൈലപ്പളളിക്കടവു തൂക്കുപാലത്തിനു സമീപമാണു ദുരന്തം. കാല്‍കഴുകുന്നതിനിടെ വെള്ളത്തില്‍ കാല്‍തെറ്റിവീണ അശ്വിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണു മറ്റുരണ്ടുപേരും അപകടത്തില്‍പ്പെട്ടത്.