മുംബൈ: വിമാനത്തില്‍ യാത്ര ചെയ്യവെ നാല് മാസം പ്രായമായ കുഞ്ഞ് മരിച്ചു. മുംബൈയില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് കുഞ്ഞിന് അനക്കമില്ലെന്ന് അമ്മ അറിഞ്ഞത്. തുടര്‍ന്ന് വിമാനത്താവള അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിക്കുമ്ബോഴേക്കും കുഞ്ഞ് മരിച്ചു.

സൂററ്റില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന സ്‌പൈസ് ജെറ്റിലാണ് സംഭവം. വിമാനം മുംബൈയിലേക്ക് ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് കുഞ്ഞിന് അനക്കമൊന്നുമില്ലെന്ന് അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടത്. കുഞ്ഞിന്റെ അമ്മയ്‌ക്കൊപ്പം ഇവരുടെ മാതാപിതാക്കളും വിമാനത്തിലുണ്ടായിരുന്നു. തുടര്‍ന്ന് ജീവനക്കാരെ വിവരം അറിയിച്ചു.

പാര്‍ക്കിങ് ബേയിലേക്ക് കടക്കവെ ജീവനക്കാര്‍ വിമാനത്തില്‍ നിന്നും കണ്ട്രോള്‍ റൂമിലേക്ക് വൈദ്യസഹായം ആവശ്യപ്പെട്ടു. തുടര്‍ന്ന് അധികൃതരെത്തി കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചു. കുട്ടി ആദ്യമായാണ് വിമാന യാത്ര ചെയ്യുന്നതെന്നാണ് വിവരം.

സംഭവത്തില്‍ സഹര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മരണ കാരണം അറിയാന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. ഇതിന് മുമ്ബും സ്‌പൈസ് ജെറ്റില്‍ സമാന സംഭവമുണ്ടായിട്ടുണ്ട്. യാത്ര ചെയ്യവെ ആറ് മാസം പ്രായമായ കുഞ്ഞും മരിച്ചിരുന്നു.