അമ്മയാകുക എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ വളരെ സന്തോഷമുള്ള കാര്യമാണ്. എന്നാല്‍, സ്വന്തം കുഞ്ഞിനെ സാക്ഷിയാക്കി ഇഷ്ടപ്പെട്ട ജോലിയില്‍ പ്രവേശിക്കുക എന്നത് ഒരമ്മയുടെ ഏറ്റവും വലിയ സന്തോഷമായിരിക്കും. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതും അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ്.

ഒരു യുവതി അഭിഭാഷകയായി സത്യപ്രതിജ്ഞ ചെയ്യുമ്ബോള്‍ സമീപത്ത് സത്യപ്രതിജ്ഞാ വാചകം ചൊല്ലി കൊടുക്കുന്ന ജഡ്ജിയുടെ കൈയില്‍ യുവതിയുടെ നവജാതശിശുവും ഉണ്ട്. വാഷിങ്ടണിലാണ് രസകരമായ സംഭവം നടന്നത്. കോടതിയില്‍ ജഡ്ജായ റിച്ചാര്‍ഡ് ഡിന്‍കിസ് ആണ് യുവതിയുടെ കുട്ടിയെ ഒരു കൈയ്യില്‍ എടുത്ത് മറ്റേ കൈയ്യില്‍ പിടിച്ച പേപ്പറില്‍ നോക്കി സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്.

ജൂലിയാന ലാമര്‍ എന്നാണ് യുവതിയുടെ പേര്. ലാമര്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഇതിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോ സഹപാഠി ട്വീറ്റ് ചെയ്തതോടെ നിമിഷങ്ങള്‍ക്കകം വൈറലായി. ഏഴ് ലക്ഷത്തോളം പേര്‍ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു.

അഭിഭാഷകയായി സത്യപ്രതിജ്ഞ ചെയ്യാന്‍ എത്തിയ ലാമര്‍ കുട്ടിയെ എടുത്ത് കൊണ്ടിരിക്കുന്നത് കണ്ട ജഡ്ജിയാണ് ജീവിതത്തിലെ ഈ സുന്ദര നിമിഷത്തിന് കുട്ടിയെ കൂടി സാക്ഷിയാക്കാം എന്ന ആശയം മുന്നോട്ട് വെച്ചത്. മുന്‍പ് ഡിന്‍കിസിന് കീഴില്‍ ക്ലാര്‍ക്കായിട്ടാണ് ലാമര്‍ ജോലി ചെയ്തിരുന്നത്. ഗര്‍ഭണിയായിരിക്കുമ്ബോള്‍ തന്നെ പഠനം പൂര്‍ത്തിയാക്കുകയും ചെയ്തു.

‘സ്ത്രീ-പുരുഷ തുല്യതയുടെ മഹത്തായ നിമിഷമാണ് ഇതെന്ന് വീഡിയോ കണ്ട് പലരും അഭിപ്രായപ്പെട്ടു. സ്ത്രീത്വത്തെയും മാതൃത്വത്തെയും ഇതിലും നന്നായി ആദരിക്കാനാവില്ലെന്നും അഭിപ്രായപ്പെട്ടു.