സുക്രേ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ബൊളീവിയയില്‍ അക്രമ സംഭവങ്ങള്‍ക്കിടെ പോലീസ് ഉദ്യോഗസ്ഥന് രക്ഷയായത് വിശുദ്ധ ബൈബിള്‍. രാഷ്ട്രീയ അരക്ഷിതാവസ്ഥയെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തിനിടെ അക്രമി തൊടുത്ത വെടിയുണ്ട, പേര് വെളിപ്പെടുത്താതെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ പോക്കറ്റിലുണ്ടായിരുന്ന ബൈബിളിൽ തടഞ്ഞതുകൊണ്ടുമാത്രം ഒരു പോറലുപോലും ഏൽക്കാതെ രക്ഷപ്പെടുകയായിരിന്നുവെന്ന് ‘സ്‌പെഷൽ ഫോഴ്‌സ്’ തലവൻ ഓസ്‌കാർ ഗുട്ടിയറസ് പറയുന്നു. പടിഞ്ഞാറൻ ബൊളീവിയൻ പ്രവിശ്യയിലെ സാന്താ ക്രൂസിലായിരുന്നു സംഭവം.

തെക്കേ അമേരിക്കന്‍ രാജ്യമായ ബൊളീവിയയില്‍ പ്രതിപക്ഷ സമരത്തെത്തുടർന്ന് പ്രസിഡന്റ് ഇവോ മൊറാലസ് രാജിവെച്ച് മെക്‌സിക്കോയിലേക്ക് പലായനം ചെയ്തതിനെ തുടർന്ന് രാഷ്ട്രീയ അരക്ഷിതാവസ്ഥ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതിനിടെ പ്രസിഡന്‍റ് അനുകൂലികൾ നടത്തുന്ന അക്രമാസക്തമായ പ്രകടനങ്ങൾ തടയുവാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥന് വിശുദ്ധ ഗ്രന്ഥം രക്ഷാകവചമായത്.

ജീവൻ പണയംവെച്ച് ക്രമസമാധാനത്തിനായി ദൌത്യം നിര്‍വ്വഹിച്ചുകൊണ്ടിരിന്ന പോലീസുകാരന്റെ ഇടത്തേ നെഞ്ചിൽ വെടി കൊണ്ടെങ്കിലും, പോക്കറ്റിലുണ്ടായിരുന്ന ബൈബിളിൽ തടഞ്ഞതിനാൽ വെടിയുണ്ടയ്ക്ക് ശരീരത്തെ സ്പർശിക്കാനായില്ലായെന്ന് ഓസ്‌കാർ ഗുട്ടിയറസ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. പോലീസ് ഉദ്യോഗസ്ഥനെ അടിയന്തിര വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും പരിക്കുകൾ ഒന്നും എറ്റിട്ടില്ലായെന്ന് വ്യക്തമായി. അതേസമയം വെടിയുണ്ടക്കു മുന്നില്‍ രക്ഷാകവചമായി മാറിയ ബൈബിളിനെ കുറിച്ചുള്ള നിരവധി പോസ്റ്റുകളാണ് ഇപ്പോള്‍ നവ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നത്.