വടകര: മുഖ്യമന്ത്രിയ്ക്ക് മാവോയിസ്റ്റുകളുടെ വധഭീഷണി. വടകര പോലീസ് സ്റ്റേഷനിലാണ് ഭീഷണി സന്ദേശം എത്തിയത്.

ഭീഷണി എത്തിയത് കത്തിന്‍റെ രൂപത്തിലായിരുന്നു. ഏഴു സഖാക്കളെ കൊന്നൊടുക്കിയ കേരള മുഖ്യന് വേണ്ട ശിക്ഷ ഞങ്ങള്‍ നടപ്പാക്കുമെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.

മഞ്ചക്കണ്ടി ഏറ്റുമുട്ടലിന് പകരം ചോദിക്കുമെന്നാണ് കത്തിലെ ഉള്ളടക്കം.

അര്‍ബന്‍ ആക്ഷന്‍ ടീമിന് വേണ്ടി ബദര്‍ മൂസ പശ്ചിമ ഘട്ട കബനീദള ആക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് എന്ന പേരില്‍ ചെറുവത്തൂരില്‍ നിന്നുമാണ് കത്ത് അയച്ചിരിക്കുന്നത്. കത്തിനോടൊപ്പം മാവോയിസ്റ്റ് ലഘുലേഖകളും ലഭിച്ചിട്ടുണ്ട്.

ഇതോടൊപ്പം പേരാമ്ബ്ര എസ്.ഐ ഹരീഷിനും ഭീഷണിയുണ്ട്. എസ്.ഐ ഹരീഷ് നാടിന് അപമാനമാണെന്നും സാധാരണ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച്‌ അവരെ നായയെപ്പോലെ തല്ലിച്ചതയ്ക്കാന്‍ ഭരണഘടനയുടെ ഏത് നിയമമാണ് ഇതിന് അനുവദിക്കുന്നതെന്നും ഈ നരാധമനെ അര്‍ബന്‍ ആക്ഷന്‍ ടീം കാണേണ്ടതുപോലെ വൈകാതെ കാണുമെന്നും കത്തില്‍ പറയുന്നുണ്ട്.

കത്തിന്‍റെ ഉറവിടത്തെക്കുറിച്ച്‌ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതീവ ഗൗരവത്തോടെയാണ് ഭീഷണി കത്ത് കിട്ടിയ സാഹചര്യത്തെ കാണുന്നതെന്നും പോലീസ് അറിയിച്ചു.

മാവോയിസ്റ്റ് ഭീഷണിയെതുടര്‍ന്ന്‍ നേരത്തെതന്നെ മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടിയിരുന്നു. നിലവിലെ സുരക്ഷാ സംവിധാനങ്ങള്‍ക്ക് പുറമേ അധിക സുരക്ഷകൂടി ഏര്‍പ്പെടുത്താനാണ് തീരുമാനം.