സൂറത്ത്: അയോധ്യ തര്‍ക്കകേസില്‍ വിധി അനുകൂലമാകാന്‍ കാരണം കേന്ദ്രസര്‍ക്കാരെന്ന് ബിജെപി എംപി. ബറൂച്ച്‌ ബിജെപി എംപി മനുഷ്ക്ഭായ് വാസവയാണ് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്.

ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യ ഭൂമി തര്‍ക്കം വര്‍ഷങ്ങള്‍ പഴക്കമുള്ളതാണെന്നും സ്വാതന്ത്ര്യ൦ ലഭിച്ച ശേഷവും അത് തുടര്‍ന്നുവെന്നും പറഞ്ഞ അദ്ദേഹം നിരവധി പേര്‍ക്കാണ് തര്‍ക്കത്തിനിടെ ജീവന്‍ നഷ്ടമായതെന്നും വ്യക്തമാക്കി.

കാശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി നരേന്ദ്ര മോദിയുടെ നയതന്ത്ര വിജയമാണെന്നും മനുഷ്ക് പറഞ്ഞു.

അയോധ്യ തര്‍ക്ക ഭൂമിയില്‍ രാമാ ക്ഷേത്രം പണിയാമെന്നും മുസ്ലീങ്ങള്‍ക്ക് അഞ്ചേക്കര്‍ ഭൂമി പകരമായി നല്‍കണമെന്നുമായിരുന്നു സുപ്രീം കോടതിയുടെ വിധി.

സുന്നി വഖഫ് ബോര്‍ഡ്, രാംലല്ല, നിര്‍മോഹി അഖാഡ എന്നിവരായിരുന്നു കേസിലെ പ്രധാന കക്ഷികള്‍. ഏകകണ്ഠമായ വിധിയായിരുന്നു കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ചത്.

കൂടാതെ, ASIയുടെ റിപ്പോര്‍ട്ട് പ്രകാരം മാത്രം ഉടമസ്ഥത തീരുമാനിക്കാനാകില്ല എന്ന് പറഞ്ഞ കോടതി, ASIയ്ക്ക് ആധികാരികതയുണ്ട് എന്ന് സമ്മതിക്കുകയും ചെയ്തു.

കൂടാതെ, ബാബറി മസ്ജിദ് നിര്‍മ്മിക്കപ്പെട്ടത് “വെറും ഭൂമിയിലല്ല” എന്ന കോടതിയുടെ കണ്ടെത്തല്‍ ജന്മഭൂമി തര്‍ക്കത്തിന്‍റെ വിധി തീരുമാനിക്കുന്നതില്‍ വളരെ നിര്‍ണ്ണായകമായിരുന്നു.

കൂടാതെ, വിശ്വാസം പരിരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് എന്നും സുപ്രീംകോടതി വിമര്‍ശിച്ചു.

ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗോഗോ​യ് അദ്ധ്യക്ഷനായ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.

കേ​സി​ല്‍ 40 ദി​വ​സം നീ​ണ്ട തു​ട​ര്‍ വാ​ദ​ത്തി​ന് ശേ​ഷ​മാ​ണ് വി​ധി പ​റ​ഞ്ഞത്. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ കേസിലെ മൂന്ന് കക്ഷികളും നല്‍കിയ അപ്പീലുകളിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായഭരണഘടനാ ബെഞ്ച് വാദം കേട്ടത്.

134 വര്‍ഷം മുന്‍പുണ്ടായ തര്‍ക്കത്തിനാണ് ഇതോടെ പരിഹാരമായത്.