വിശ്വാസത്തില്‍ കോടതിക്ക് എത്രമാത്രം ഇടപെടാം, അനുപേക്ഷണീയമായ മതാചാരം നിര്‍ണ്ണയിക്കാന്‍ കോടതിക്ക് അധികാരമുണ്ടോ, മതപരമായ കാര്യത്തില്‍ അന്യമതത്തില്‍ ഉള്ളവരുടെ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കാമോ തുടങ്ങി ഏഴ് വിഷയങ്ങള്‍ പരിഗണിക്കാനാണ് ശബരിമല യുവതീപ്രവേശന വിധിക്ക് എതിരായ പുനഃപരിശോധനാഹര്‍ജികളില്‍ ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. ഏഴംഗബെഞ്ച് രൂപവത്കരിക്കാന്‍ ഭരണഘടനാ ബെഞ്ചിലെ മൂന്ന് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും, അടുത്ത ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ബെഞ്ച് രൂപീകരിക്കുന്നതിനുള്ള നടപടികള്‍ വ്യക്തമാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം സംബന്ധിച്ച കേസ് രണ്ടാഴ്ചയ്ക്കുള്ളില്‍ ജസ്റ്റിസ് ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയ്ക്ക് വരുമ്ബോള്‍ ഇത് സംബന്ധിച്ച്‌ വ്യക്തതയുണ്ടാകും.

സുപ്രീം കോടതിയിലെ മാസ്റ്റര്‍ ഓഫ് ദി റോസ്റ്റര്‍ എന്ന നിലയില്‍ ബെഞ്ച് രൂപീകരിക്കാന്‍ ഉള്ള അധികാരം ചീഫ് ജസ്റ്റിസിന് ആണ്. ആരൊക്കെ ബെഞ്ചില്‍ വേണം എന്ന കാര്യവും ചീഫ് ജസ്റ്റിസിന് തീരുമാനിക്കാം. ഷിരൂര്‍ മഠം കേസില്‍ ഏഴംഗ ബെഞ്ച് പുറപ്പടുവിച്ച ചില ഉത്തരവുകളുടെ അടിസ്ഥാനത്തില്‍, അജ്മീര്‍ ദര്‍ഗ്ഗ കമ്മിറ്റി കേസില്‍ അഞ്ചംഗ ബെഞ്ച് പുറപ്പടുവിച്ച ഉത്തരവിന്റെ ചില ഭാഗങ്ങള്‍ പോലും വിശാല ബെഞ്ച് പരിഗണിക്കണമെന്നാണ് ശബരിമല യുവതീപ്രവേശന-പുനഃപരിശോധനാ ഹര്‍ജികളിലെ ഭൂരിപക്ഷ വിധി. അതിനാല്‍ വിശാല ബെഞ്ചില്‍ ഒന്‍പത് അംഗങ്ങള്‍ ഉണ്ടായാലും അത്ഭുതപ്പെടാന്‍ ഇല്ല.

ശബരിമല ഹര്‍ജികള്‍ പരിഗണിച്ച അംഗങ്ങളെ പുതിയ ബെഞ്ചില്‍ ഉള്‍പെടുത്തണമോ എന്ന് ചീഫ് ജസ്റ്റിസ് ആണ് തീരുമാനിക്കേണ്ടത്. ശബരിമല യുവതീപ്രവേശന വിലക്ക്, മുസ്ലിം സ്ത്രീകള്‍ക്കു പള്ളികളില്‍ പ്രവേശിക്കുന്നതിലെ വിലക്ക്, ദാവൂദി ബോറ വിഭാഗത്തിലെ സ്ത്രീകളുടെ ചേലാകര്‍മം, അന്യമതസ്ഥരെ വിവാഹം കഴിക്കുന്ന പാഴ്‌സി യുവതികള്‍ക്ക് ആരാധനാലയത്തില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് തുടങ്ങിയ വിഷയങ്ങളും വിശാല ബെഞ്ച് പരിഗണിക്കണമെന്ന് ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍ പാര്‍സിപുരോഹിതന്‍ കൂടിയാണ്. പാര്‍സി മതത്തിലെ ആചാരം പരിശോധിക്കുന്ന ബെഞ്ചില്‍ പാര്‍സി പുരോഹിതന്‍ കൂടിയായ ജസ്റ്റിസ് നരിമാനെ ചീഫ് ജസ്റ്റിസ് ഉള്‍പെടുത്തുമോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്.

1965-ലെ കേരള ഹിന്ദു പൊതു ആരാധനാസ്ഥല ചട്ടം ശബരിമലയ്ക്കു ബാധകമാണോ എന്ന കാര്യം ആവശ്യമെങ്കില്‍ വിശാല ബെഞ്ചിന് പരിഗണിക്കാം എന്ന് ഭരണഘടനാ ബെഞ്ചിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, എ എം ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര എന്നിവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല സംബന്ധിച്ച ചോദ്യം പരിഗണിക്കുമ്ബോള്‍ താല്‍പര്യമുള്ള കക്ഷികളെയെല്ലാം കേള്‍ക്കണമോയെന്നും വിശാല ബെഞ്ചിന് തീരുമാനിക്കാം. വിശാല ബെഞ്ച് കക്ഷികളെ വീണ്ടും കേള്‍ക്കാന്‍ തീരുമാനിച്ചാല്‍ ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉയര്‍ന്ന ബെഞ്ചിന് മുമ്ബാകെ വീണ്ടും വിശദമായ വാദം കേള്‍ക്കല്‍ നടക്കും. വിശാല ബെഞ്ച് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇപ്പോഴത്തെ അഞ്ചംഗ ബെഞ്ചിന് പുനഃപരിശോധനാ ഹര്‍ജികളില്‍ തീരുമാനമെടുക്കേണ്ടി വരും.